ക്ഷീര കർഷകനായ വിഷ്ണു, സൊസൈറ്റി പാലിന് അർഹമായ വില നൽകാത്തതിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ശരീരത്തിൽ പാലൊഴിച്ച് പ്രതിഷേധിച്ചു. പാൽ മറ്റൊരാളുടെ പേരിൽ ബില്ല് ചെയ്യുന്നുവെന്നും ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് വില കുറയ്ക്കുന്നുവെന്നും ആരോപിച്ചു.

കൊല്ലം: സൊസൈറ്റിയിൽ നൽകുന്ന പാലിന് അർഹമായ വില നൽകുന്നില്ല എന്നും ക്രമക്കേടുകൾ ആരോപിച്ചും ക്ഷീര കർഷകന്റെ വേറിട്ട പ്രതിഷേധം. പരവൂർ നെടുങ്ങോലം കൂനയിൽ ക്ഷീരോൽ പാദക സഹകരണ സംഘത്തിന് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നെടുങ്ങോലം സ്വദേശിയായ യുവ കർഷകൻ വിഷ്ണുവാണ് ശരീരത്തിലൂടെ പാലൊഴിച്ച് പ്രതിഷേധിച്ചത്. മാസങ്ങളായി ഇവിടെ പാൽ നൽകുന്ന വിഷ്ണുവിനോട് സൊസൈറ്റി ജീവനക്കാർ പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ആരോപണം. നൽകുന്ന പാലിന് ഗുണനിലവാരമില്ലെന്ന് പറയുകയും അർഹമായ വില നൽകുന്നില്ലെന്നുമാണ് വിഷ്ണു പറയുന്നത്. താൻ നൽകുന്ന പാൽ മറ്റാരാളുടെ പേരിൽ ബില്ല് ചെയ്യുന്നതാണ് ഇവിടുത്തെ രീതിയെന്നും ആരോപിക്കുന്നു. 

ഇത് ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നും വിഷ്ണു പറയുന്നു. സൊസൈറ്റിയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ആക്ഷേപമുണ്ട്. നിരവധി പശുക്കളുള്ള വിഷ്ണു ലിറ്റർ കണക്കിന് പാലാണ് ദിവസവും സൊസൈറ്റിയിൽ എത്തിക്കാറുള്ളത്. ക്ഷീരകൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണുവിന്റെ വേറിട്ട 'പാലഭിഷേക' പ്രതിഷേധവും സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്.