Asianet News MalayalamAsianet News Malayalam

കടന്നുപോയത് ദുരന്തരാത്രി


തണുപ്പിനെ പോലും മരവിപ്പിച്ചാണ് ഈ രാത്രി ഉറക്കമൊഴിച്ചത്. ഭയമാണ് തൃശൂരിനെയും വിറപ്പിച്ചത്. നാളിത്രെ ഭീകര താണ്ഡവമാടിയ മഴയുടെ വരവും പോക്കും തളർന്ന് അവശയെ പോലെയായിരുന്നിട്ടും പേടിപ്പെടുത്തുന്നു. ഡാമുകൾ താഴ്ത്തുന്നുവെന്ന ജില്ലാ ഭരണകൂടത്തിന്‍റെ സന്ദേശം സന്ധ്യക്ക് കേട്ടപ്പോൾ ആശ്വാസമായിരുന്നു. ആ നേരത്ത് മഴ ഒറ്റയാനെപ്പോലെ പലയിടത്തും പതുങ്ങിനിന്ന് പേടിപ്പെടുത്തി. വേഗത്തിൽ പരന്ന ഇരുട്ടിനോടൊപ്പം അതുവരെ പരിചിതമില്ലാത്ത വഴികളിലേക്ക് മലവെള്ളം എത്തിയത് പെട്ടെന്നായിരുന്നു. രാത്രിയിലേക്ക് നാട് നീങ്ങിയിട്ടും എല്ലാവരും ഉറക്കമൊഴിച്ച് കാത്തിരുന്നു..... ഇന്നലെ രാത്രി തൃശ്ശൂര് തള്ളിനീക്കിയ അനുഭവം എഴുതുന്നു വത്സന്‍ രാമംകുളത്ത്. 

dangerous night
Author
Thrissur, First Published Aug 18, 2018, 7:45 AM IST

തൃശൂർ: തണുപ്പിനെ പോലും മരവിപ്പിച്ചാണ് ഈ രാത്രി ഉറക്കമൊഴിച്ചത്. ഭയമാണ് തൃശൂരിനെയും വിറപ്പിച്ചത്. നാളിത്രെ ഭീകര താണ്ഡവമാടിയ മഴയുടെ വരവും പോക്കും തളർന്ന് അവശയെ പോലെയായിരുന്നിട്ടും പേടിപ്പെടുത്തുന്നു. ഡാമുകൾ താഴ്ത്തുന്നുവെന്ന ജില്ലാ ഭരണകൂടത്തിന്‍റെ സന്ദേശം സന്ധ്യക്ക് കേട്ടപ്പോൾ ആശ്വാസമായിരുന്നു. ആ നേരത്ത് മഴ ഒറ്റയാനെപ്പോലെ പലയിടത്തും പതുങ്ങിനിന്ന് പേടിപ്പെടുത്തി. വേഗത്തിൽ പരന്ന ഇരുട്ടിനോടൊപ്പം അതുവരെ പരിചിതമില്ലാത്ത വഴികളിലേക്ക് മലവെള്ളം എത്തിയത് പെട്ടെന്നായിരുന്നു. രാത്രിയിലേക്ക് നാട് നീങ്ങിയിട്ടും എല്ലാവരും ഉറക്കമൊഴിച്ച് കാത്തിരുന്നു. 

ഇതുവരെയുണ്ടായിരുന്ന സ്വസ്ത ജീവിതമത്രയും നനഞ്ഞുകുതിർന്നില്ലാതായതിന്‍റെ നൊമ്പരത്താൽ ആശ്വാസ ക്യാമ്പുകൾ. അവിടെയും ദുരിതമൊഴിയാതെ മനസുകൾ. ഇനിയെന്തുചെയ്യും ?  'ദാ അവിടെ വരെ' വെള്ളം വന്നൊരോർമ്മയേയുള്ളൂവെന്ന് കാരണവന്മാർ ചൂണ്ടിപറഞ്ഞിടത്തെ വെള്ളക്കെട്ടിനടിയിലേക്ക് വീടുകൾ മുങ്ങിത്താഴുകയാണ്. റോഡുകൾ കുത്തൊഴുക്കിൽ പിളരുന്നു.

തൃശൂരിന് ഇങ്ങിനെ ഒരുവസ്ഥ മുമ്പെങ്ങും ഉണ്ടായിട്ടില്ല. രാത്രിയിൽ പൊലീസിന്‍റെയും സന്നദ്ധപ്രവർത്തകരുടെയും മുന്നറിയിപ്പുകൾ. പുഴകൾ കരകവിഞ്ഞ് ഗതിമാറിയൊഴുകി വരുന്നു.  പുഴയോര ബണ്ടുകൾ കുത്തിയൊലിച്ച് കരയെ കവരുന്നു. രാത്രിയിലും  രക്ഷപ്പെടുത്താനപേക്ഷിച്ച് ഒറ്റപ്പെട്ടുകിടക്കുന്നവരുടെ ഫോൺ വിളികൾ. അതും പുഴയോരത്ത് നിന്ന്.

പകലിൽ ഫയർഫോഴ്സും പൊലീസും നാട്ടിലെ യുവാക്കളും നിലയില്ലാ വെള്ളത്തിലൂടെ അലഞ്ഞിട്ടും കൺമുന്നിൽപ്പെടാത്തവർ... നിർബന്ധിച്ചിട്ടും വീടുവിട്ടിറങ്ങാതിരുന്നവർ... കണ്ണു നിറഞ്ഞു.  മനസിന്‍റെ ശക്തി ചോർന്നുപോകുന്ന പോലെ. ഇപ്പോഴും വിങ്ങൽ മാറുന്നില്ല. നേരം വെളുക്കുകയാണ്. നാടെഴുന്നേറ്റ് ജീവന്‍റെ തുടിപ്പുകൾ കയറിക്കൂടിയ തുരുത്തുകൾ തേടിയലയാൻ തുടങ്ങി. വെള്ളം കരഭൂമിയിലേക്ക് ക്രമാധീതമായി കയറുന്നുണ്ട്. 

ചാലക്കുടിയെ മലവെള്ളമാകെ വിഴുങ്ങുകയാണ്. ഇനിയും രക്ഷപ്പെടാനാവാതെ നൂറുകണക്കിന് പേർ വിവിധങ്ങളായ കെട്ടിടങ്ങളിൽ തങ്ങുന്നു. അതിരപ്പിള്ളി, ചാലക്കുടി നഗരസഭ, കാടുകുറ്റി, അന്നമനട, പുത്തൻവേലിക്കര, പുത്തൻചിറ, മാള, കുഴൂർ, വെള്ളാങ്കല്ലൂർ,  കൊടുങ്ങല്ലൂർ മേഖലകളിലെ തീരങ്ങൾ തീർത്തും വെള്ളത്തിനടിയിലാണ്.

ഒരിക്കലും കാണാത്ത രൂപത്തിലാണ് കുറുമാലിയും കരുവന്നൂർ പുഴയും. സമരസപ്പെട്ട് കഴിഞ്ഞ പറപ്പൂക്കര, പുതുക്കാട്, വല്ലച്ചിറ, ചേർപ്പ്, പാറളം, ചാഴൂർ, താന്ന്യം, കാട്ടൂർ പഞ്ചായത്തുകളെല്ലാം കുതിർന്ന് നിൽക്കുകയാണ്. ഭാരതപ്പുഴയിലെ കുത്തൊഴുക്കും ചീരക്കുഴിയിൽ നിന്ന് ചെക്ക് ഡാമിന്‍റെ ഷട്ടർ പൊട്ടിയുള്ള മലവെള്ളപാച്ചലും പഴയന്നൂർ, ചേലക്കര, കൊണ്ടാഴി, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, അവണൂർ, കൈപ്പറമ്പ്, ചൂണ്ടൽ തീരവാസികളെയാകെ പാലായനം ചെയ്യിപ്പിച്ചു. 

കൈയ്യേറ്റത്താല്‍ ഇടുങ്ങിപ്പോയ വടക്കാഞ്ചേരിപ്പുഴയും കേച്ചേരി പുഴയും കിഴക്കൻ വെള്ളത്തെ കരയിലേക്ക് കടത്തിവിടുകയാണ്. കനോലി കനാൽ രാത്രിയോടെ പലയിടത്തും കരകവിഞ്ഞൊഴുകി തുടങ്ങി. പാതിരാവിലാണ് പൊലീസ് തളിക്കുളം കിഴക്കേ തീരത്തുള്ളവരെ ആളുകളെ മാറ്റിത്തുടങ്ങിയത്. 
 
കടൽ അക്രമകാരിയല്ലാതെ അടങ്ങിനിൽക്കുന്നത് വലിയ ആശ്വാസമാണ്. മലവെള്ളത്തെ സ്വീകരിക്കാതെ മടക്കിവിടുന്നതാണ് ആശങ്ക. വെയിലേൽക്കാതെ കടല്‍ പുറം വെള്ളം കുടിക്കില്ലെന്ന് തീരദേശത്തെ കാരണവന്മാർ പറയുന്നുവെങ്കിലും ചിലയിടങ്ങളിലെ അറപ്പകൾ വഴി കടലിലേക്ക് ഒഴുക്കുണ്ട്. ഇന്നലെ പകൽ കടലോരമേഖലയിൽ മഴ മണിക്കൂറിടവിട്ടായിരുന്നുവെന്നത് കാരണമാകാം. ഇന്ന് പുലരമ്പോഴും മഴ തളർന്നുതന്നെയാണ്. മഴയുടെ ഈ അവശത നാടിന് ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍.

Follow Us:
Download App:
  • android
  • ios