വീണ് തുടയെല്ല് പൊട്ടി അബോധാവസ്ഥയില്‍ കഴിയുന്ന അമ്മക്ക് ചികിത്സ നല്‍കാന്‍ സഹോദരന്‍ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ അമ്മയുടെ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: അമ്മക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ സഹോദരന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഗസറ്റഡ് റാങ്കില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥ. വീണ് തുടയെല്ല് പൊട്ടി അബോധാവസ്ഥയില്‍ കഴിയുന്ന അമ്മക്ക് ചികിത്സ നല്‍കാന്‍ സഹോദരന്‍ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ അമ്മയുടെ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കോഴിക്കോട് പുതിയറ സ്വദേശിനിയാണ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസറും മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടറും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 30ന് കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും. കുടുംബ വീട്ടില്‍ പരാതിക്കാരിയുടെ സഹോദരനൊപ്പമാണ് അമ്മ താമസിക്കുന്നത്. രണ്ടു മാസമായി തുടയെല്ല് പൊട്ടി അമ്മ ചികിത്സയിലാണെന്ന് പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് സഹോദരന്റെ വീട്ടില്‍ ഡോക്ടര്‍മാരെയും കൂട്ടിയെത്തിയെങ്കിലും അമ്മയെ കാണാന്‍ അനുവദിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. ഇതിനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്. അമ്മക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് മകളുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം