കുടുംബ വഴക്കിനെത്തുടര്‍ന്ന് മരുമകളായ നീതു ഭര്‍തൃപിതാവിനെയും മാതാവിനെയും ക്രൂരമായി അക്രമിക്കുകയായിരുന്നു
കോഴിക്കോട്: മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കാട് നാദാപുരത്താണ് സംഭവമുണ്ടായത്. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടില്‍ കണ്ണന്‍(71), ഭാര്യ ദേവി(60) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മരുമകളായ നീതു ഭര്‍തൃപിതാവിനെയും മാതാവിനെയും ക്രൂരമായി അക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വെച്ച് കണ്ണനെ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ചെവിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഭര്‍തൃമാതാവായ ദേവിയെ കുളിമുറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച നീതു, ദേവിയുടെ തല തറയിലെ ടൈലിന്റെ കോണില്‍ ഇടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.


