സ്ഥിരമായി കോഴിക്കോട് നഗരത്തിൽ ആക്രി ശേഖരിക്കാനെത്തുന്ന അനീസ് കോഴിക്കോട് ചുങ്കത്തുള്ള വീട്ടിലെത്തുകയായിരുന്നു. ഗൾഫിൽ നിന്നെത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അമ്മ രേവ വീട്ടിലില്ലാതിരുന്നതിനാൽ, പഴകിയ കാർഡ് ബോർഡ് പെട്ടികളും പഴയ സ്കൂട്ടറുമെല്ലാം മകൾ ആക്രിക്ക് നൽകി.

മലപ്പുറം: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവന്റെ സ്വർണാഭരണങ്ങൾ ആക്രിക്കാരന് അറിയാതെ വിറ്റ് മകൾ. എന്നാൽ, ആക്രി വ്യാപാരിയുടെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലും കാരണം നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണം കുടുംബത്തിന് തിരികെ ലഭിച്ചു.

മലപ്പുറം മേൽമുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസാണ് ഈ കഥയിലെ താരം. കഴിഞ്ഞ മാസം 25-നാണ് സംഭവം നടന്നത്.

സ്ഥിരമായി കോഴിക്കോട് നഗരത്തിൽ ആക്രി ശേഖരിക്കാനെത്തുന്ന അനീസ് കോഴിക്കോട് ചുങ്കത്തുള്ള വീട്ടിലെത്തുകയായിരുന്നു. ഗൾഫിൽ നിന്നെത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അമ്മ രേവ വീട്ടിലില്ലാതിരുന്നതിനാൽ, പഴകിയ കാർഡ് ബോർഡ് പെട്ടികളും പഴയ സ്കൂട്ടറുമെല്ലാം മകൾ ആക്രിക്ക് നൽകി. അമ്മ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

കഴിഞ്ഞദിവസം വീട്ടിലെത്തിയ അമ്മ സ്വ‍ർണം സൂക്ഷിച്ച പെട്ടി കാണാതെ മകളോട് ചോദിച്ചപ്പോഴാണ് ആക്രിക്കാരന് കൊടുത്ത വിവരം അറിയുന്നത്. തുടർന്ന് പരിഭ്രാന്തരായ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആക്രി എടുത്തശേഷം അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസിൽ വലിയ വഴിത്തിരിവായത്. കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പൊലീസ് അനീസിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.

ശേഖരിച്ച ആക്രി സാധനങ്ങൾ മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടെയാണ് പെട്ടിയിൽനിന്ന് ആഭരണങ്ങൾ ലഭിച്ചതെന്ന് അനീസ് പൊലീസിനോട് പറഞ്ഞു. ആദ്യം മുക്കുപണ്ടമാണെന്ന് കരുതിയെങ്കിലും ഭാര്യയെ കാണിച്ചപ്പോഴാണ് യഥാർത്ഥ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്.

ദിവസവും നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ ഏത് വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും താൻ നൽകിയ വിസിറ്റിംഗ് കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണം അനീസ് വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് പൊലീസിനൊപ്പം വീട്ടിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി. അനീസിന്റെ നല്ല മനസ്സിനെയും സത്യസന്ധതയെയും പൊലീസും നാട്ടുകാരും അഭിനന്ദിച്ചു.