കണ്ണൂര്‍: ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറില്‍ കർത്താവിന്റെ നാമത്തിൽ എന്ന സിസ്റ്റർ ലൂസിയുടെ പുസ്തകം വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ കണ്ണൂരിൽ ഡിസി ബുക്സിന്റെ പുസ്തക മേള പൂട്ടിക്കാൻ ശ്രമം.  തലശേരി അതിരൂപത സംഘടിപ്പിച്ച കർഷക പ്രക്ഷോഭത്തിനിടയിൽ നിന്നെത്തിയ ചിലരാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.  പൊലീസ് സുരക്ഷയിൽ മേള പുനരാരംഭിച്ചു. തങ്ങളുടെ അറിവോടെയല്ല പ്രതിഷേധമെന്ന് വ്യക്തമാക്കിയ സഭാനേതൃത്വം സംഭവത്തിൽ ക്ഷമ ചോദിച്ചു.

രാവിലെയായിരുന്നു ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത തലശേരി അതിരൂപതയുടെ കർഷക പ്രക്ഷോഭം. ഇതിനിടയിൽ നിന്ന് ചിലരാണ് ടൗൺ സ്ക്വയറിൽ ഡിസി ബുക്സിന്രെ മേള പൂട്ടിക്കാനെത്തിയത്. മൂന്ന് തവണയായെത്തിയ സംഘം ഒടുവിൽ സിസ്റ്റർ ലൂസിയുടെ പുസ്തകങ്ങൾ  ബലമായി പൊതിഞ്ഞു മാറ്റിവെച്ച് മേള പൂട്ടിച്ചു. പൊലീസ് സുരക്ഷയിലാണ് നിലവിൽ പുസ്തക മേള നടക്കുന്നത്.

അതേസമയം കർഷക പ്രക്ഷോഭത്തിനിടയിൽ ഇത്തരമൊരു സംഭവമുണ്ടായതിൽ സമര സംഘാടകർ തന്നെ നേരിട്ട് ഡിസി ബുക്സിലെത്തി ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.  മറ്റ് പരാതികൾ നിലവിൽ ഇല്ല.  രൂക്ഷമായ വന്യമൃഗശല്യത്തിനടക്കം പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു തലശേരി അതിരൂപതയുടെ കർഷക പ്രക്ഷോഭം.