വിനോദിനെയും സിന്ധുവിനെയും കാണാതായതിനെത്തുടര്‍ന്ന് പോലീസും നാട്ടുകാരും ഒരാഴ്ചയോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

തൃശൂര്‍: ഒളകര വനത്തിനുള്ളില്‍ സ്ത്രീയും പുരുഷനും മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിഴക്കഞ്ചേരി പനംകുറ്റി കുടുമുക്കല്‍ വീട്ടില്‍ വിനോദ് (52), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു (35) എന്നിവരെയാണ് പീച്ചി റിസര്‍വ് ഫോറസ്റ്റിലെ ഒളകര വന മേഖലയില്‍ മരിച്ച നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്. ഫെബ്രുവരി 27 മുതല്‍ കാണാതായ ഇവര്‍ ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നും മദ്യത്തിൽ കലർത്തി വിഷം കഴിച്ചു എന്നുമാണ് നിഗമനം.

വിനോദിന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും സിന്ധുവിന്റെത് താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടത്. വിനോദിന്റെ മൃതദേഹം മരത്തിൽ കെട്ടി കുരുക്കിയ തൂങ്ങിയ നിലയിലും സിന്ധുവിന്റെ മൃതദേഹം സമീപത്തുള്ള പാറയുടെ താഴെയുമാണ് കണ്ടെത്തിയത്. കുറച്ചു കാലമായി അടുപ്പത്തിലായിരുന്ന ഇരുവരെയും മാർച്ച് 27 നാണ് കാണാതായത്. മൃതദേഹത്തിന് എട്ട് ദിവസത്തോളം പഴക്കമുണ്ട്. 

കഴിഞ്ഞ മാസം 28നായിരിക്കാം ഇവര്‍ വിഷം കഴിച്ചതെന്നാണ് നിഗമനം. വിനോദിനെയും സിന്ധുവിനെയും കാണാതായതിനെത്തുടര്‍ന്ന് പോലീസും നാട്ടുകാരും ഒരാഴ്ചയോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് നായയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീടുകളിലെത്തിച്ച ഇരുവരുടെയും മൃതദേഹം സംസ്‌ക്കരിച്ചു. കേസിൽ പീച്ചി പോലീസാണ് തുടരന്വേഷണം നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം