അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് ആറ് മണിയോടെ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് ആറ് മണിയോടെ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി.

ഇന്നലെ വൈകീട്ടോടെയാണ് കഠിനംകുളത്തും അഞ്ച് തെങ്ങിലുമായി മൂന്ന് യുവാക്കളെ കടലില്‍ കാണാതായത്. ക്രിസ്മസ് ആഘോഷത്തിനായി എത്തി കടലില്‍ ഇറങ്ങിയവര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇന്നലെ രാത്രി വരെ മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അപകടത്തിൽപ്പെട്ട തിരുവനന്തപുരം പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ടും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തുന്നുണ്ട്.

ഇന്നലെ തുമ്പയിലുണ്ടായ സമാന അപകടത്തിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടിരുന്നു. തുമ്പ ആറാട്ട്വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും അപകടം സംഭവിച്ചിരുന്നു. കടലില്‍ ഇറങ്ങിയ വീട്ടമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.