കോഴിക്കോട് : കുറ്റ്യാടിയിൽ വെള്ളത്തിൽ മുങ്ങി മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സിറാജുൽ ഹുദ മാനെജർ മാക്കൂൽ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്. കുറ്റ്യാടി ടൗണിലെ സിറാജുൽ ഹുദാ മസ്ജിദിൽ ഇന്നലെ രാത്രി വെള്ളം കയറിയിരുന്നു. ഇവിടെ വേണ്ട കാര്യങ്ങൾ ചെയ്ത ശേഷം ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. സമീപത്തെ വയൽ നിറഞ്ഞ് റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിയിരുന്നു. ഇവിടെ കാല് തെറ്റി വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. 

ഒപ്പമുള്ളവർ നീന്തി കരയ്ക്കെത്തിയെങ്കിലും ഇവര്‍ക്ക് രക്ഷപെടാനായില്ല. ട്യൂബ് പോലും ഇല്ലാത്തതിനാൽ രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനപ്രവർത്തകരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.