ഇടുക്കി: വൈകല്യങ്ങള്‍ മറന്നാടിയ കുട്ടികലാകാരി കലോത്സവത്തിന്റെ താരമായി. മൂന്നാറില്‍ നടന്ന ഉപജില്ലാ കലോത്സവത്തിലാണ് ബധിരയും മൂകയുമായ കലാകാരി പ്രക്ഷകരുടെ മനംകവര്‍ന്നെടുത്തത്. വൈകല്യങ്ങളെ ന്യത്ത ചുവടുകള്‍കൊണ്ട് തോല്‍പ്പിച്ചാണ് മൂന്നാറില്‍ നടന്ന ഉപജില്ലാ മത്സരത്തിലെ നാടോടി ന്യത്തത്തില്‍ കുട്ടികലാകാരി ധാരിക താരമായത്.

ജന്മനാ ബധിരയും മൂകയുമായ ധാരിക ദേവികുളം ലോക്കാട് എസ്‌റ്റേറ്റിലെ എംജിഎല്‍സി സ്‌കൂളിലാണ് പഠിക്കുന്നത്. നടക്കാന്‍ പോലും കഴിയാതിരുന്ന കുട്ടിക്ക് മൂന്നാര്‍ ബിആര്‍സിയുടെ നേത്യത്വത്തില്‍ ചികില്‍സ നല്‍കി. ഇതോടെ കുട്ടി നടക്കാന്‍ തുടങ്ങി. സ്‌കൂളില്‍ പഠനത്തിനിടെ അധ്യാപിക ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ന്യത്ത ചുവടുകളിലൂടെ മറുപടി നല്‍കാന്‍ തുടങ്ങിയത് അധ്യാപികയില്‍ അത്ഭുതം ഉളവാക്കി. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ കുട്ടികളെ തിരഞ്ഞെടുക്കാന്‍ നടത്തിയ മത്സരത്തില്‍ ധാരിക മികച്ച പ്രകടനം കാഴ്ചവെച്ചു.  

കുട്ടിയുടെ കഴിവ് മനസിലാക്കിയ അധ്യാപിക ജയന്തി പരിശീലനം നല്‍കാന്‍ തുടങ്ങി. പുറത്തുനിന്നും അധ്യാപിക കാട്ടിയ ആംഗ്യങ്ങളിലൂടെ അവള്‍ ഉപജില്ലാ കലോത്സവത്തില്‍ ചുവടുകള്‍ വെച്ച് കാണികളെ അമ്പരപ്പിച്ചു. മത്സരത്തില്‍ മൂന്നാം സ്ഥാനവും കൊച്ചുമിടുക്കിക്ക് ലഭിച്ചു. ദേവികുളം ഓഡിക്ക ഡിവിഷനിലെ പ്രഭു-ഷൈനി ദമ്പതികളുടെ മകളാണ് ധാരിക. വൈകല്യങ്ങളുണ്ടെങ്കിലും മാതപിതാക്കളുടെ ചോദ്യങ്ങള്‍ക്ക് ന്യത്ത ചുവടുകളിലൂടെയാണ് മറുപടിനല്‍കിയതെന്ന് ഇവര്‍ പറയുന്നു. വൈല്യങ്ങളെ ഓര്‍ക്കാതെയാണ് കൊച്ചുമിടുക്കി മൂന്നാറില്‍ നടന്ന കലോത്സവത്തില്‍ മത്സരിച്ചത്. വിജയമല്ല മറിച്ച് മറ്റുള്ളവരോടൊപ്പം പങ്കെടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം. അധ്യാപികയുടെ കഠിനധ്വാനവും മാതാപിതാക്കളുടെ മനോധൈര്യവും ധാരികയ്ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു. മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍ കുട്ടിക്ക് സമ്മാനം നല്‍കി.