പെരുമഴയ്ക്കിടെ മരിച്ച തലവടി സ്വദേശി പൊടിയന്റെ സംസ്കാരം വെള്ളക്കെട്ട് കാരണം ദിവസങ്ങളോളം വൈകി. ജലനിരപ്പ് താഴ്ന്നതോടെ മൃതദേഹം വള്ളത്തിൽ വീട്ടിലെത്തിക്കുകയും തുടർന്ന് തിരുവല്ലയിലെ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു.
ആലപ്പുഴ: ഓഗസ്റ്റ് അഞ്ചിന് പെരുമഴയ്ക്കിടെ മരിച്ച തലവടി പൂന്തുരുത്തി പുല്ലാടിൽ പൊടിയന്റെ (82) സംസ്കാരം നടത്തി. വെള്ളക്കെട്ട് കാരണം നേരത്തെ കുടുംബ വീട്ടിലെത്തിച്ച് സംസ്കരിക്കാൻ സാധിച്ചിരുന്നില്ല. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സ്ഥലം ലഭ്യമല്ലാത്തതിനാൽ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.
ജലനിരപ്പ് താഴ്ന്നതോടെയാണ് ഇന്ന് രാവിലെ എട്ടു മണിക്ക് മൃതദേഹം വള്ളത്തിൽ കുടുംബ വീട്ടിലെത്തിച്ചത്. വീടിനു ഒന്നരക്കിലോമീറ്റർ അകലെ ആംബുലൻസിൽ എത്തിച്ച ശേഷം വള്ളത്തിലാണ് മൃതദേഹം കുടുംബ വീട്ടിലെത്തിച്ചത്. തുടർന്ന് നെടുമ്പ്രത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ സംസ്കാര ശുശ്രൂഷകൾ നടത്തി. പിന്നീട് മൃതദേഹം തിരുവല്ല കുറ്റപ്പുഴ സഭാ സെമിത്തേരിയിൽ എത്തിച്ച് സംസ്കരിച്ചു.
തലവടി റൈസ് ബിൽഡ് ചർച്ച് സെമിത്തേരിയിൽ വെള്ളമായതിനാലാണ് തിരുവല്ലയിലെ സെമിത്തേരിയിൽ സംസ്കരിച്ചത്. ജലനിരപ്പ് താഴ്ന്നു വരുന്നുണ്ടെങ്കിലും കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.
