മകന്റെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ പൊലീസ്, ഇനി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നീക്കങ്ങളിലേക്കാണ് പൊലീസ്

തിരുവനന്തപുരം: മരണത്തിൽ ദൂരൂഹത ആരോപിച്ച് മകൻ പരാതി നൽകിയതിനാൽ നെയ്യാറ്റിൻകര ധനുവച്ചപുരത്ത് സെമിത്തേരിയിൽ അടക്കം ചെയ്ത വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താൻ നടപടികളുമായി പൊലീസ്. ധനവച്ചപുരം സ്വദേശി സെലീനമ്മയുടെ മൃതദേഹമാണ് പുറത്തെടുക്കാൻ നീക്കം തുടങ്ങിയത്. അഞ്ചു പവന്റെ ആഭരണം വീട്ടിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മകൻ സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകിയത്

റിട്ട് നഴ്സിങ് അസിസ്റ്റന്‍റായ സെലീനാമ്മയെ എട്ടു ദിവസം മുമ്പാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു ജോലിയിൽ സഹായത്തിനായി ഇടയ്ക്ക് എത്തുന്ന സ്ത്രീയാണ് സെലീനാമ്മയെ കട്ടലിൽ മരിച്ച നിലയിൽ കണ്ടത്. മകൻ രാജനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. 75 കാരിയായ സെലീനാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം മണിവിള പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.

ഇതിന് ശേഷമാണ് സെലീനമ്മയുടെ കഴുത്ത്, കൈ തുടങ്ങി ശരീര ഭാഗങ്ങളിൽ മുറിവും ചതവും കണ്ടതായി മൃതദേഹം കുളിപ്പിച്ച സ്ത്രീകള്‍ മകനോട് പറഞ്ഞത്. ഇതോടെയാണ് മകൻ വീടിനുള്ളിൽ അലമാരയും സെലീനമ്മയുടെ ബാഗും പരിശോധിച്ചത്. അഞ്ചു പവന്റെ മാല നഷ്ടമായതായി കണ്ടെത്തി. തുടർന്ന് മരണത്തിൽ ദുരുഹൂതയുണ്ടെന്ന് പാറശ്ശാല പൊലീസിന് പരാതി നൽകി. സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര തഹസിൽദാർ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം