ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.

പ്രതികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായെന്നും അത് അമ്മു സജീവ് എടുത്തെന്നു ആരോപിച്ചായിരുന്നു ക്ലാസിലെ പ്രധാന തർക്കം. ആ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ചോദ്യം ചെയ്യലും ആവശ്യമാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെടും. പ്രോസിക്യൂഷന്‍റെ ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

കേസിൽ അറസ്റ്റിലായ അമ്മു സജീവൻറെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകിയിരുന്നു. അതേസമയം, അമ്മുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും.

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്