കാട്ടാനയുടെ ഫോട്ടോയെടുക്കാനായി അക്ബര്‍ അലി വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. എന്നാല്‍ പ്രകോപിതനായ ആന ഇയാളെ അക്രമിക്കുകയായിരുന്നു. 


മറയൂര്‍: കഴിഞ്ഞ ദിവസം മറയൂര്‍ - ചിന്നാര്‍ റോഡില്‍ ആനയുടെ അക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെടാന്‍ കാരണം വനം വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ അവഗാണിച്ചതാണെന്ന് അധികൃതര്‍. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ അക്ബര്‍ അലിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിര്‍ത്തി. ഈ സമയം കാട്ടാനയുടെ ഫോട്ടോയെടുക്കാനായി അക്ബര്‍ അലി വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. എന്നാല്‍ പ്രകോപിതനായ ആന ഇയാളെ അക്രമിക്കുകയായിരുന്നെന്ന് മറയൂര്‍ സിഐ ബിനോയ് പറഞ്ഞു. വനത്തിലൂടെ യാത്ര നടത്തുന്ന സഞ്ചാരികള്‍ പലരും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നെന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു. 

മറയൂരിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര മേഖലയാണ് ചിന്നാര്‍ വന്യജീവി സങ്കേതം. കാട്ടുപോത്തും കാട്ടാനകളും പുലിയും അടക്കമുള്ള വന്യജീവികള്‍ ധാരാളം കാണപ്പെടുന്ന പ്രധാനപ്പെട്ട മേഖല. അതുകൊണ്ട് തന്നെ അവിടങ്ങില്‍ കൂടി കടന്നുപോകുന്ന സഞ്ചാരികള്‍ റോഡിന്‍റെ സമീപത്ത് വാഹനങ്ങള്‍ നിര്‍ത്തുകയോ, അമിത വേഗതില്‍ വാഹനം ഓടിച്ചുപോകുകയോ ചെയ്യരുതെന്നാണ് വനംവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. അന്തര്‍സംസ്ഥാന പാതയിലുടനീളം ഇത്തരം സൈന്‍ ബോര്‍ഡുകള്‍ അധിക്യതര്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

ഏകദേശം 30 കീലോ മീറ്ററോളം നീണ്ടുകിടക്കുന്ന ചിന്നാര്‍ വന്യജീവി സങ്കേതം കേരള-തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ്. കേരളത്തിന്‍റെ അതിര്‍ത്തി ചബക്കാട് ചെക്ക് പോസ്റ്റോടെ അവസാനിക്കും. അവിടെ നിന്നാണ് തമിഴ്നാടിന്‍റെ അതിര്‍ത്തി ആരംഭിക്കുന്നത്. തമിഴ്നാടിന്‍റെ വനമേഖല അവസാനിക്കുന്നത് ഒന്‍പതാര്‍ ചെക്ക്പോസ്റ്റോട് കൂടിയാണ്. ഇത്തരം മേഖലയില്‍ പകല്‍ നേരങ്ങളില്‍ സഞ്ചാരികള്‍ ഇറങ്ങുന്നത് തടയുന്നതിന് ഇരുസംസ്ഥാനങ്ങളും വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ ചെക്ക് പോസ്റ്റുകളില്‍ എത്തുവര്‍ക്ക് അധിക്യതര്‍ കാട്ടിലിറങ്ങരുതെന്ന നിര്‍ദ്ദേശവും നല്‍കും. 

എന്നാല്‍, ഇത്തരം നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് രാത്രി കാട്ടിലൂടെ സഞ്ചരിക്കുന്നവര്‍ കാട്ടിലിറങ്ങുകയും കാട്ടനയടക്കമുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാഹനങ്ങളുടെ ഹോണുകള്‍ മുഴക്കി ശല്യപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പകല്‍ നേരങ്ങളില്‍ പോലും അന്തര്‍സംസ്ഥാന പാതകളില്‍ കാണുന്ന കാട്ടാനകള്‍ വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതോടെ കാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പകല്‍ നേരങ്ങളില്‍ പോലും ശാന്തമായി റോഡില്‍ കാണപ്പെടുന്ന വന്യമ്യഗങ്ങളെ ശല്യപ്പെടുത്താതെ കടന്നുപോകാന്‍ വിനോദസഞ്ചാരികള്‍ ശ്രമിച്ചാല്‍ ഇത്തരം അപകടങ്ങള്‍ പലതും ഒഴിവാക്കാന്‍ കഴിയുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അക്ബര്‍ അലിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ വച്ച് ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.