റാന്നി ഫോറസ്റ്റ് ഡിവിഷനിൽ പോലും ഇപ്പോൾ പുള്ളിമാനെ കാണാനില്ലാത്ത സാഹചര്യത്തിലാണ് വനപ്രദേശമല്ലാത്ത ഇവിടെ പുള്ളിമാനെ കണ്ടതെന്നും സ്ഥലത്തെത്തിയ വനപാലക‌ർ പറഞ്ഞു

ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്ന് മലയുടെ അടിവാരത്ത് ഇന്ന് രാവിലെ പുള്ളിമാനിനെ ചത്ത് ജീർണ്ണിച്ചനിലയിൽ കണ്ടെത്തി. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പഞ്ചായത്തംഗം മിനി രാജു വിവരം അറിയിച്ചതോടെ പ്രസിഡന്‍റ് ബി വിനോദ് ഫോറസ്റ്റ് ഡിവിഷനുമായി ബന്ധപ്പെട്ടു. റാന്നി കരികുളം ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ഉദ്യോഗസ്ഥരും പാലമേൽ പഞ്ചായത്ത് വെറ്റിനറി ഡോക്ടർ കെ എസ് ഷിബുവും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജഡം മറവു ചെയ്തു. 6 വയസ് പ്രായം തോന്നിക്കുന്ന ആൺ ഇനത്തിൽ പെട്ട മാനിന്‍റെ ഉദരത്തിൽ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ കണ്ടെത്തിയതായും ഇതാണ് മരണകാരണമെന്നും ഡോ. ഷിബു പറഞ്ഞു.

കിണറിനരികെ നിന്ന ഗൃഹനാഥനെ പാഞ്ഞെത്തി കാട്ടുപന്നി ആക്രമിച്ചു, മെഡിക്കൽ കോളേജിൽ; കൈവരി തക‍ർത്ത് പന്നി കിണറ്റിൽ

ജഡം ജീർണ്ണിച്ച അവസ്ഥയിലായതിനാൽ നാട്ടുകാരുടെ സഹായത്തോടെ സ്ഥലത്ത് തന്നെ മറവു ചെയ്തു. മാൻ ചത്തു കിടക്കുന്നതറിഞ്ഞ് ധാരാളം പേർ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തോളമായി ഇവിടെ മാനുകളെ കാണാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം ഏറെയുള്ള ഇവിടെ മ്ലാവ്, മുള്ളൻപന്നി, മയിൽ എന്നിവയെയും കാണാറുണ്ടെന്ന് ഇവർ പറഞ്ഞു. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ പോലും ഇപ്പോൾ പുള്ളിമാനെ കാണാനില്ലാത്ത സാഹചര്യത്തിലാണ് വനപ്രദേശമല്ലാത്ത ഇവിടെ പുള്ളിമാനെ കണ്ടതെന്നും സ്ഥലത്തെത്തിയ വനപാലകരായ വി പി ഹണീഷ്, നിഖിൽ കൃഷ്ണൻ, എസ് ആർ രശ്മി, പി ആർ സജി എന്നിവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്, പഞ്ചായത്തംഗം മിനി രാജു എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

YouTube video player

അതേസമയം വയനാട്ടിൽ നിന്നും പുറത്തുവന്ന മറ്റൊരു വാ‍ർത്ത സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി എന്നതാണ്. പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന കരടിയാണ് ചത്തത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചീയമ്പം, കോളിമൂല തുടങ്ങിയ പ്രദേശങ്ങളില്‍ കരടിയെ നിരവധി പേര്‍ കണ്ടിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് ഇപ്പോള്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീയമ്പം 73. പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി പ്രദേശങ്ങളിലും കരടിയുടെ സാന്നിധ്യം നാട്ടുകാര്‍ അറിയിച്ചിരുന്നു.