ഇടുക്കി: കസ്റ്റഡിയിലെത്തുന്ന പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് മൂന്ന് പൊലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി. മൂന്നാര്‍ സ്റ്റേഷനിലെ എസ്.ഐ ശ്യാംകുമാര്‍, എ.എസ്.ഐ രാജേഷ്, റൈറ്റര്‍ തോമസ് എവന്നിവര്‍ക്കെതിരെയാണ് മൂന്നാര്‍ ഡി.വൈ.എസ്.പി എം. രാകേഷ് ശിക്ഷാനടപടി സ്വീകരിച്ചത്. കണ്ണന്‍ ദേവന്‍ കമ്പനി ചൊക്കനാട് സൗത്ത് ഡിവിഷനില്‍ സദീഷ് കുമാര്‍ (40)നാണ് മര്‍ദ്ദമേറ്റത്.

നിരവധി അടിപിടുക്കേസിലടക്കം പ്രതിയായ സദീഷ് കുമാറിനെ പാലാക്കട് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച മൂന്നാര്‍ എസ്.ഐയുടെ നേത്യത്വത്തില്‍ സംഘം അവിടെയെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. നെന്മാറയില്‍ നിന്നും മൂന്നാറിലേക്കുള്ള വഴിമദ്ധ്യേയും സ്റ്റേഷനിലെത്തിച്ചും സംഘം സദീഷിനെ മര്‍ദ്ദിച്ചു. ശനിയാഴ്ച രാവിലെ പ്രതിക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഡോക്ടറുടെ പരിശോധനയില്‍ പ്രതിക്ക് നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തി. സംഭവം വിവാദമായതോടെയാണ് മൂന്നാര്‍ ഡി.വൈ.എസ്.പി ആരോപണവിധേരായ പൊലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്. സദീഷ്‌കുമാറിനെതിരെ നിലവില്‍ 10 കേസുകളാണ് മൂന്നാറിലെ സ്റ്റേഷനിലുള്ളത്. രണ്ടുമാസം മുമ്പ് ടൗണില്‍ നടത്തിയ അടിപിടിക്കേസില്‍ ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും ജാമ്യമെടുക്കാതെ മുങ്ങി. കഴിഞ്ഞ ദിവസമാണ് പാലക്കാട്ടില്‍ പച്ചക്കറി വാഹനം ഓടിക്കുന്നതായി കണ്ടെത്തിയത്.

മൂന്നാര്‍ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സദീഷിനെ പിടികൂടിയ നെന്മറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാണ് മൂന്നാര്‍ പൊലീസിന് കൈമാറിയത്. മൂന്നാര്‍ എ.ആര്‍ ക്യാമ്പിലേക്കാണ് പൊലീസുകാരെ മാറ്റിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനുശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് അധിക്യതര്‍ പറയുന്നത്. എന്നാല്‍ പ്രതിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും വ്യാജ ആരോപണമാണ് പ്രതി ഉന്നയിക്കുന്നതെന്നുമാണ് പൊലീസുകാരുടെ വാദം. ദേവികുളം മജിസ്‌ട്രേറ്റിന് പ്രതി പൊലീസ് മര്‍ദ്ദിച്ചതായി മൊഴിനല്‍കിയിട്ടുണ്ട്.