സഹോദരനെ മർദ്ദച്ചതിൻറെ വൈരാഗ്യത്തിൽ ക്വട്ടേഷൻ നൽകി യുവാവിൻറെ കാൽതല്ലിയൊടിച്ച കേസിലെ പ്രതികളെ ഒന്നര വർഷത്തിനു ശേഷം പൊലീസ് പിടികൂടി.
ഇടുക്കി: സഹോദരനെ മർദ്ദച്ചതിൻറെ വൈരാഗ്യത്തിൽ ക്വട്ടേഷൻ നൽകി യുവാവിൻറെ കാൽതല്ലിയൊടിച്ച കേസിലെ പ്രതികളെ ഒന്നര വർഷത്തിനു ശേഷം പൊലീസ് പിടികൂടി. ഇടുക്കിയിലെ കുമളിക്കടുത്താണ് സംഭവം. കുമളി അഞ്ചാംമൈൽ അമ്പലത്തിൽ വീട്ടിൽ പ്രിൻസ് തോമസിൻറെ കാൽ തല്ലിയൊടിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
ചക്കുപള്ളം മേനോൻമേട് കോട്ടയ്ക്കൽ കെസി സൈമൺ, ഒട്ടകത്തലമേട് പാറയ്ക്കൽ കിരൺ, കുങ്കിരിപ്പെട്ടി വരയന്നൂർ ലൈജു, മാരുതിപ്പടി ഭാഗത്ത് കരിമാലൂർ വീട്ടിൽ അരുൺ പ്രകാശ് എന്നിവരെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബർ 24-നാണ് സംഭവം. പ്രതിയായ സൈമണും പ്രിൻസും തമ്മിൽ നേരത്തെ പല വിധത്തിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നു.
ഒപ്പം സഹോദരനെ പ്രിൻസ് മർദ്ദിച്ചത് കൂടുതൽ വൈരാഗ്യത്തിനു കാരണമായി. തുടർന്ന് സുഹൃത്തായ കിരണിന് പ്രിൻസിനെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകി. രണ്ടാഴ്ചയോളം പ്രിൻസിനെ പിന്തുടർന്ന് ഇവർ നിരീക്ഷിച്ചു. സംഭവ ദിവസം അണക്കരയിൽ നിന്ന് അഞ്ചാം മൈലിൽ ബസിൽ വന്നിറങ്ങിയ പ്രിൻസിനെ അവിടെ കാത്തു നിന്നിരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ സൈമൺ തൻറെ ജോലിക്കാരൻറെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചാണ് മറ്റ് പ്രതികളുമായി ബന്ധപ്പെട്ടിരുന്നത്. സംഭവത്തിന് ശേഷം സിം കാർഡ് നശിപ്പിക്കുകയും ഫോൺ മറ്റൊരാൾക്ക് സൌജന്യമായി നൽകുകയും ചെയ്തു. ഈ ഫോണിലേക്ക് വന്ന രണ്ടു കോളുകളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല നടപടി; ജൂനിയര്‍ സുപ്രണ്ടിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും
വയനാട്: മാനന്തവാടി (Mananthavady) സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല നടപടി. ആരോപണ വിധേയയായ ജൂനിയര്‍ സുപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
അതിനിടെ, സിന്ധുവിന്‍റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചില സഹപ്രവർത്തകരുടെ പേരുകൾ ഡയറിയിലുണ്ട്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിന്‍റെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കും.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി സിന്ധു പരാതി വയനാട് ആർടിഒ മോഹൻദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടത്. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടിൽ മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
