പഞ്ചായത്തിന്റെ ഭൂമിക്ക് എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല...

ഇടുക്കി: കോടികള്‍ ലഭിച്ചിട്ടും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ കഴിയാതെ ദേവികുളം ഗ്രാമപഞ്ചായത്ത്. 50 സെന്റ് ഭൂമി സ്വന്തമായി ഉണ്ടെങ്കിലും സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ തയ്യറാകാത്തതാണ് പഞ്ചായത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. 2005 ലാണ് ദേവികുളം പഞ്ചാത്ത് രൂപീക്യതമായത്. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി ഇല്ലാത്തതിനെ തുടര്‍ന്ന് കമ്പനി മാട്ടുപ്പെട്ടിയില്‍ സമ്മാനമായി നല്‍കിയ 50 സെന്റ് ഭൂമിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിയിരുന്നു പഞ്ചായത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. 

പിന്നീട് ചെറിയതോതില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം പൂര്‍ത്തിയാക്കി. ഇതിനിടെ പഞ്ചായത്തിന്റെ ഭൂമിക്ക് എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കെട്ടിടത്തില്‍ ഇപ്പോള്‍ പഞ്ചായത്ത് ഒഫീസ്, എല്‍എസ്ജിഡി, വിഇഒ, കൃഷി ഭവൻ, മ്യഗാശുപത്രി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അക്ഷയ സെന്റര്‍ തുടങ്ങിയ നിരവധികളായ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. 

അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രസിഡന്റ് കവിതാകുമാര്‍ പറുന്നത്. പാട്ടത്തിന് അനുവധിച്ച സര്‍ക്കാര്‍ ഭൂമി മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ദേവികുളം പഞ്ചായത്തിന്റെ അടിസ്ഥാന വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറായാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും.