തുഷാരഗിരിയിൽ കൈവിട്ടുപോയ 24 ഏക്കർ ഭൂമി തിരികെ പിടിക്കാനായി റീബിൽഡ് കേരളയുടെയേ കിഫ്ബിയുടെയോ സഹായം തേടാനായിരുന്നു വനംവകുപ്പ് നീക്കം.
തുഷാരഗിരിയിൽ കൈവിട്ടുപോയ ഭൂമി തിരിച്ചുപിടിക്കാനുളള വനംവകുപ്പിന്റെ നടപടികൾ നീളും. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനായിരുന്നു നീക്കമെങ്കിലും പണം എവിടെനിന്ന് കണ്ടെത്തുമെന്നതാണ് പ്രശ്നം. കിഫ്ബി സഹായത്തോടെ ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കമാകട്ടെ വിജയിച്ചിട്ടുമില്ല. ഈ സാഹചര്യത്തില് ഭൂമി കൈവശക്കാരുടെ കൈയില് എത്താനുളള സാധ്യതയാണ് തെളിയുന്നത്.
തുഷാരഗിരിയിൽ കൈവിട്ടുപോയ 24 ഏക്കർ ഭൂമി തിരികെ പിടിക്കാനായി റീബിൽഡ് കേരളയുടെയേ കിഫ്ബിയുടെയോ സഹായം തേടാനായിരുന്നു വനംവകുപ്പ് നീക്കം. അതായത് സുപ്രീം കോടതിയില് നിന്ന് അനുകൂല വിധികിട്ടിയ കർഷകരിൽ നിന്ന് ഭൂമി പണം കൊടുത്ത് വാങ്ങി സംരക്ഷിക്കാനുളള ശ്രമം. എന്നാൽ ഈ നീക്കം ഉടൻ വിജയം കാണാനിടയില്ലെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന.
ഭൂമി പണം കൊടുത്ത് ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനും വലിയ താല്പര്യമില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച വനംവകുപ്പിന്റെ വിദഗ്ധ സംഘം, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭൂമി കൈവശക്കാർക്ക് വിട്ടുകൊടുക്കുന്ന കാര്യമായിരുന്നു ചർച്ച ചെയ്തത്.
എത്രഭൂമി എന്തുവില നൽകി ഏറ്റെടുക്കണമെന്നതടക്കമുളള കാര്യങ്ങളിൽ കാര്യമായ ചർച്ചയേ നടന്നിട്ടില്ല. അതേസമയം, തുഷാരഗിരിയിൽ സന്ദർശനം നടത്തിയ സംഘത്തിന്റെ റിപ്പോർട്ട് വിശദമായി പഠിച്ച്, വനം-റവന്യൂ വകുപ്പുകൾ കൂടിയാലോചിച്ചാവും അടുത്ത നടപടിയെന്ന് വനം മന്ത്രി അറിയിച്ചു.
തുഷാരഗിരിയിലെ വിനോദസഞ്ചാരത്തിന് കോട്ടം തട്ടാത്തരീതിയിലാവും നടപടികളെന്നും മന്ത്രി പറഞ്ഞു. എന്നാൽ 24 ഏക്കറും തിരിച്ചുപിടിക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുൾപ്പെടെയുളളവരുടെ വാദം. അല്ലാത്ത പക്ഷം പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടുമെന്നും പരാതിയുണ്ട്. കുറച്ചുപേർക്ക് മാത്രം പണം നൽകി സ്ഥലമേറ്റെടുക്കുമ്പോൾ, ബാക്കിയുളളവരും ഇതേ ആവശ്യമുന്നയിച്ച് മുന്നിലെത്തിയേക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
