മകളുടെ വിവാഹത്തിനായി ബുക്ക് ചെയ്ത ഹാളിന്റെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ വൈകിയതിനായിരുന്നു സലിമോൻ എന്നയാളുടെ ഈ വേറിട്ട പ്രതിഷേധം. നെഞ്ചിൽ പതിച്ച പോസ്റ്റർ കണ്ടതോടെയാണ് ജീവനക്കാർക്ക് അമളി മനസ്സിലായത്.
കോട്ടയം: 73 ദിവസം വൈകി ലഭിച്ച സേവനത്തിന് നന്ദി അറിയിച്ചുകൊണ്ട്, കോട്ടയം നഗരസഭാ ജീവനക്കാർക്ക് ലഡു വിതരണം ചെയ്ത് റിട്ട. ഉദ്യോഗസ്ഥന്റെ വേറിട്ട പ്രതിഷേധം. സന്തോഷത്തോടെ ലഡു സ്വീകരിച്ച ജീവനക്കാർ, വിതരണം ചെയ്തയാളുടെ നെഞ്ചിൽ പതിച്ച പോസ്റ്റർ കണ്ടതോടെ ലഡു ഇറക്കണോ തുപ്പണോ എന്ന അവസ്ഥയിലായി. റിട്ട. തദ്ദേശവകുപ്പ് ജീവനക്കാരനായ ചിങ്ങവനം കരിമ്പിൽ സലിമോനാണ് തിങ്കളാഴ്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിൽ നാടകീയമായ പ്രതിഷേധം നടത്തിയത്. മകളുടെ വിവാഹത്തിനായി ബുക്ക് ചെയ്ത നഗരസഭാ ഹാളിന്റെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ സാധാരണ ഒരാഴ്ച മതിയായിരുന്നിട്ടും, തനിക്ക് 73 ദിവസമാണ് ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
പോസ്റ്ററിലെ പ്രതിഷേധം
"ഒരു ലഡു എടുക്കൂ സർ... നിങ്ങൾ ചെയ്തുതന്ന സേവനത്തിൻ്റെ സന്തോഷത്തിൽ കൊണ്ടുവന്നതാണ്," എന്ന് പറഞ്ഞാണ് സലിമോൻ ലഡു വിതരണം ചെയ്തത്. പിന്നീടാണ് അദ്ദേഹം നെഞ്ചിൽ പതിച്ച പോസ്റ്ററിലെ വരികൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്: 'മൂന്നുദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്തുതന്ന കോട്ടയം മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് ലഡു വിതരണം ചെയ്യുന്നു, 73 ദിവസം ഓഫീസിൽ കയറ്റിയിറക്കിയതിന് നന്ദി' പോസ്റ്റർ കണ്ട ഉടൻ ചില ജീവനക്കാർ ലഡു തിരികെ നൽകി. ഇതിനകം കഴിച്ചുപോയ മറ്റ് ചിലരാകട്ടെ, എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന കാഴ്ചയും കാണാമായിരുന്നു.
കുറിച്ചി പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി വിരമിച്ച സലിമോൻ, മകളുടെ വിവാഹത്തിനായി ഫെബ്രുവരിയിലാണ് കോട്ടയം നഗരസഭാ ഹാൾ ബുക്ക് ചെയ്തത്. ജൂലായ് 12-ന് വിവാഹം കഴിഞ്ഞശേഷം 21-ന് നിക്ഷേപത്തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷ നൽകി. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ അന്വേഷിച്ചുചെന്നപ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചു. സെക്രട്ടറിയോട് ചോദിക്കുമ്പോൾ ഒപ്പിട്ടു വിട്ടു എന്ന് പറഞ്ഞ് അടുത്ത കൗണ്ടറിലേക്ക് വിടുകയായിരുന്നു പതിവ്. ഗത്യന്തരമില്ലാതെ ഒക്ടോബർ 3-ന് തദ്ദേശവകുപ്പ് ജോയിൻ്റ് ഡയറക്ടർക്ക് പരാതി നൽകി. ഇതിനെത്തുടർന്ന് ഒക്ടോബർ 4-ന് വൈകിട്ട് നിക്ഷേപത്തുക അദ്ദേഹത്തിന് തിരികെ ലഭിച്ചു. തനിക്ക് നേരിട്ട കാലതാമസത്തോടുള്ള പ്രതിഷേധം ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭാ ഓഫീസിലെത്തിയതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


