Asianet News MalayalamAsianet News Malayalam

ദുരന്തമുഖത്ത് രക്ഷകരായി ഡെല്‍റ്റ സ്ക്വാഡ്

സെര്‍ച്ച് ആന്റ് റസ്‌ക്യൂ ഓപ്പറേഷനിലും  അണ്ടര്‍ വാട്ടര്‍ ഡൈവിംഗിലും വിദഗ്ധ പരിശീലനം ലഭിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഡെല്‍റ്റ സ്‌ക്വാഡിലുള്ളത്.

delta squad went to flood rescue operations
Author
Kozhikode, First Published Aug 13, 2019, 7:37 PM IST

കോഴിക്കോട്: കേന്ദ്രസേനകള്‍ക്ക് പുറമെ കോഴിക്കോട് ജില്ലയിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ച് കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ഡെല്‍റ്റാ സ്‌ക്വാഡ്. സെര്‍ച്ച് ആന്റ് റസ്‌ക്യൂ ഓപ്പറേഷനിലും  അണ്ടര്‍ വാട്ടര്‍ ഡൈവിംഗിലും വിദഗ്ധ പരിശീലനം ലഭിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഡെല്‍റ്റ സ്‌ക്വാഡിലുള്ളത്.

കേന്ദ്രസേനകളില്‍ നിന്ന് വിരമിച്ചവരും പരിശീലനം ലഭിച്ച യുവാക്കളും ഉള്‍പ്പെടുന്ന ഡെല്‍റ്റ സ്‌ക്വാഡിന്റെ, ലെഫ്റ്റനന്റ് ഇസാന്റെ  നേതൃത്വത്തിലുള്ള ഒന്‍പത് അംഗ സംഘമാണ് കോയമ്പത്തൂരില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്  കോഴിക്കോട് എത്തിയത്.

മാവൂരിലാണ് സംഘം ആദ്യമെത്തിയത്. വെള്ളക്കെട്ടില്‍ കുടുങ്ങിയ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം സംഘം പൂവാട്ടു പറമ്പിലേക്ക് എത്തി. അവിടെ നിന്ന് ബോട്ട് മാര്‍ഗം കല്‍പ്പള്ളിയിലേക്കും തുടര്‍ന്ന് കാല്‍നടയായി ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് ചെറൂപ്പയിലെത്തി. 40 ദിവസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള കുടുംബത്തെ അവശ്യ മുന്‍കരുതലുകള്‍ക്കൊപ്പം സുരക്ഷിത സ്ഥാനത്തെത്തിച്ചു. കല്‍പ്പളളിയില്‍ നിന്ന് വെള്ളത്തിലൂടെ നടന്നാണ് പൂവാട്ടുപറമ്പിലെ 30 ആളുകളെ ഇവര്‍ സുരക്ഷിതരാക്കിയത്. 

ഒളവണ്ണയിലെ സഫയര്‍ സ്‌കൂളില്‍ നിന്ന് 290 പേരെ ഒഴിപ്പിക്കാന്‍ പോയെങ്കിലും കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തിരികെ പോകാന്‍ ഒരുങ്ങി. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ വല്ലതും ഉണ്ടായേക്കാമെന്ന  നിര്‍ദേശത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ അവിടെ തങ്ങി. മാവൂരിലാണ് കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചത്. കോഴിക്കോട് ജില്ലയില്‍ നടത്തിയ വെല്ലുവിളികള്‍ നിറഞ്ഞ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അഭിമാനമായാണ് കാണുന്നതെന്ന് ലഫ്ററനന്റ് ഇസാന്‍ പറയുന്നു.  കഴിഞ്ഞ വര്‍ഷം പറവൂര്‍, പുതുക്കാട് ഭാഗങ്ങളിലും ഈ സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios