പുല്‍പ്പള്ളി-ബത്തേരി-പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആരാധന ബസ്സില്‍ ഏഴുവര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്നയാള്‍ക്ക് ജോലി നിഷേധിച്ചതിന് പിന്നാലെയാണ് സമരം

സുല്‍ത്താന്‍ ബത്തേരി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ പതിമൂന്നിന് പുല്‍പ്പള്ളി മേഖലയിലെ സ്വകാര്യ ബസുകളിലെ തൊഴിലാളികള്‍ പണിമുടക്ക് നടത്തും. പുല്‍പ്പള്ളി-ബത്തേരി-പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആരാധന ബസ്സില്‍ ഏഴുവര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്നയാള്‍ക്ക് ജോലി നിഷേധിച്ചതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ക്ഷേമനിധി അടച്ചിരുന്നയാളാണ് ഡ്രൈവര്‍ ഗണേശ് എന്നും സമരസമിതി ചൂണ്ടിക്കാട്ടി. ജോലി നിഷേധിക്കുന്ന ബസ് മുതലാളിമാരുടെ സമീപനത്തിനെതിരെയാണ് പ്രതിഷേധം. ആരാധനാ ബസിന്റെ ഉടമയെ നേരിട്ടും ലേബര്‍ ഓഫീസര്‍ മുഖേനയും ചര്‍ച്ചക്ക് വിളിച്ചിട്ടും പങ്കെടുക്കാതിരിക്കുകയും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്താന്‍ നിര്‍ബന്ധിതരാക്കപ്പെട്ടതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. 

പതിമൂന്നാം തീയതിയിലെ സമരത്തെ തുടര്‍ന്നും പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. സമരസമിതി ചെയര്‍മാന്‍ സതീഷ് കുമാര്‍ കണ്‍വീനര്‍ പി.ആര്‍ മഹേഷ് കെ എ തോമസ് എ ജെ സജി പി വി മോഹനന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം