Asianet News MalayalamAsianet News Malayalam

കൊച്ചി ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ആദ്യ ഘട്ടമായി ഇടപ്പള്ളി ടോൾ ജംഗ്ഷൻ മുതൽ പൂക്കാട്ടുപടി വരെയുള്ള റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും കച്ചവട വാഹനങ്ങളും അധികൃതർ നീക്കം ചെയ്തു.

Department of Motor Vehicles takes action against Illegal parking in Kochi
Author
Kochi, First Published Aug 22, 2019, 9:28 PM IST

കൊച്ചി: ന​ഗരത്തിലെ റോഡരികിലുള്ള അനധികൃത പാർക്കിങ്ങിനും കച്ചവടത്തിനുമെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഓണക്കാലത്ത് നഗരത്തിൽ പ്രതീക്ഷിക്കുന്ന തിരക്ക് പരിഗണിച്ചാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി.

നഗരത്തിലെ തിരക്കേറിയ റോഡുകളിലുൾപ്പടെ അനധികൃത പാർക്കിങ്ങും വണ്ടികളിൽ വച്ചുള്ള കച്ചവടവും ഗതാഗത കുരുക്കിന് കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കിയത്. ആദ്യ ഘട്ടമായി ഇടപ്പള്ളി ടോൾ ജംഗ്ഷൻ മുതൽ പൂക്കാട്ടുപടി വരെയുള്ള റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും കച്ചവട വാഹനങ്ങളും അധികൃതർ നീക്കം ചെയ്തു.

റോഡിലേക്ക് കയറ്റി പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. വലിയ വാഹനങ്ങളിൽ നിന്ന് ഗ്യാസ് സിലിണ്ടർ റോഡിലിറക്കി ചെറുവാഹനങ്ങളിൽ കൊണ്ടുപോകുന്നതിനെതിരേയും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡായി തിരിഞ്ഞായിരുന്നു നടപടി. വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റു സ്ഥലങ്ങളിലും സമാനമായ പരിശോധനകൾ നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios