'നിന്നെ പോലൊരു മകളുടെ അമ്മയായതാണ് എന്‍റെ ഏറ്റവും വലിയ ഭാഗ്യം. നിന്നെ നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ ദൗർഭാഗ്യം'
കണ്ണൂർ: മകൾ മരിച്ചതോടെ വിഷാദത്തിലാണ്ട ഒരമ്മ അക്ഷരങ്ങളിലൂടെ ജീവിതം തിരികെപ്പിടിക്കുകയാണ്. ഒറ്റമുറിയിൽ തനിച്ചിരുന്ന കാലത്തിൽ നിന്ന് കണ്ണൂർ പാനൂരിലെ വിനൂപയെ തിരിച്ചുവിളിച്ചത് അവരുടെ പത്താം തരം സഹപാഠികളാണ്.
"നിന്നെ പോലൊരു മകളുടെ അമ്മയായതാണ് എന്‍റെ ഏറ്റവും വലിയ ഭാഗ്യം. നിന്നെ നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ ദൗർഭാഗ്യം"- കണ്ടുപിടിക്കാൻ വൈകിയ പൾമണറി ഹൈപ്പർടെൻഷൻ. അഞ്ചു വർഷം മുൻപ് ഷെൽമിയെന്ന മകളെ നഷ്ടപ്പെടുത്തിയ അസുഖം. അന്ന് വിഷാദം പിടിമുറുക്കിയ വിനൂപയ്ക്ക് കരുത്തായത് അക്ഷരങ്ങളാണ്.
"അവളെ കുറിച്ച് രണ്ട് വരിയെഴുതാതെ എന്ത് പുസ്തകം? ഇത്രയും കരുതലും സ്നേഹവും തന്ന കുട്ടി വേറെയുണ്ടാവില്ല. അവള്‍ പോയ ശേഷം ഞാനിങ്ങനെ പുറത്തു വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല"- വിനൂപ പറഞ്ഞു. മകൾക്കായി എഴുതിയ സ്നേഹാഞ്ജലി. വിനൂപയുടെ മനസ്സിന്റെ സ്പന്ദനം പത്താം ക്ലാസ് സഹപാഠി കൂട്ടായ്മ അറിഞ്ഞു. പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ പുസ്തകം പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചു. അന്നത്തെ പത്താം ക്ലാസ്സുകാർ പഠിച്ച പാനൂർ ഹൈസ്കൂളിൽ ഗുരുക്കന്മാർക്കൊപ്പം ഒത്തുകൂടി. ഇനിയീ അമ്മ തളരില്ല. സഹപാഠികളുടെയടക്കം പ്രോത്സാഹനത്തിൽ വീണ്ടും എഴുതും, ഷെൽമിയുടെ ഓർമകൾ ചേർത്തുപിടിച്ച്.

