അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയുണ്ടായിരുന്നു
ഇടുക്കി: നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിനെ സസ്പെൻഡ് ചെയ്തു. നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിത ജീവനക്കാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയുണ്ടായിരുന്നു. ഒപ്പം പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. ഇതും പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫ് ഡോ പി പുകഴേന്തി സസ്പെൻഡ് ചെയ്തത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കെ സി മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടുക്കി നഗരംപാറ റേഞ്ച് ഓഫീസിലെ വനിത രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരാതി നൽകിയത്. അശ്ലീല സംഭാഷണം എതിർത്തതോടെ ജോലിപരമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിയിലുണ്ട്. റെയ്ഞ്ച് ഓഫീസർ മുതൽ സിസിഎഫ് വരെയുള്ളവർക്കാണ് പരാതി നൽകിയത്. അപമര്യാദയായി പെരുമാറുന്നതിനൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ പോലും അവധി അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ഇൻറേണൽ കംപ്ലയിൻറ് കമ്മറ്റിയും കോട്ടയം ഡിഎഫ്ഓയും പ്രാഥമിക അന്വേഷണം നടത്തി.
കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കൂടുതൽ അന്വേഷണം നടത്താൻ വിനോദിനെ മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോട്ടയം ഡിഎഫ്ഒ വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കഴിഞ്ഞ മാസം റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വനംവകുപ്പ് നടപടിയെടുത്തിരുന്നില്ല. വിനോദ് മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നും റേഞ്ച് ഓഫീസറുടെ റിപ്പോർട്ടിലുണ്ട്.ഇയാൾ തടിലോറിക്കാരിൽ നിന്നും പണം വാങ്ങുന്നതായും കോട്ടയം ഡിഎഫ്ഒയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
