നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ പള്ളിയ്ക്കൽ നടുവിലേ മുറിയിൽ നന്ദുമാഷ് എന്നു വിളിക്കുന്ന രാഹുൽ (26) ആണ് കാപ്പാ നിയമ ലംഘിച്ചതിന് പിടിയിലായത്.
ആലപ്പുഴ: കാപ്പാ നിയമ ലംഘിച്ച് അക്രമം നടത്തിയ പ്രതി അറസ്റ്റിലായി. കുറത്തികാട് പൊലീസ് സ്റ്റേഷനിൽ അടക്കം ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ പള്ളിയ്ക്കൽ നടുവിലേ മുറിയിൽ നന്ദുമാഷ് എന്നു വിളിക്കുന്ന രാഹുൽ (26) ആണ് കാപ്പാ നിയമ ലംഘിച്ചതിന് പിടിയിലായത്.
കുറത്തികാട്, നൂറനാട്, വീയ്യൂർ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, ഭവനഭേദനം ഉൾപ്പെടെ 10 ഓളം ക്രിമനൽ കേസ്സുകളിൽ ഉൾപ്പെട്ട രാഹുലിനെ കുറത്തികാട് പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഡിഐജി കാപ്പാ നിയമ പ്രകാരം നാടുകടത്തി ഉത്തരവ് പുറപ്പെടുവിക്കുകയും രാഹുലിനെ ആലപ്പുഴ ജില്ലയിൽ നിന്നും നാടുകടത്തിയും ചെയ്തിരുന്നു.
ഈ ഉത്തരവ് ലംഘിച്ച് രാഹുൽ കഴിഞ്ഞ 2024 നവംബര്‍ എട്ടിന് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച് കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടിലെ ജനൽ ചില്ലുകൾ അടിച്ച് പൊട്ടിക്കുകയും വീട്ടുപകരണങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രതി ഗൃഹനാഥനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.
ഈ സംഭവത്തിന് കുറത്തികാട് പൊലീസ് കേസ്റ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും രാഹുൽ കാപ്പാ ഉത്തരവ് ലംഘിച്ച് ആലപ്പുഴയിൽ ജില്ലയിൽ പ്രവേശിച്ചു എന്നും കണ്ടെത്തിയിരുന്നു. തുടർന്ന് കാപ്പാ നിയമം ലംഘിച്ചതിനും രാഹുലിനെതിരെ കുറത്തികാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി കണ്ണൂർ ജില്ലയിൽ ഒളിവിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ് പി എംകെ ബിനുകമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
