എല്ലാ രേഖകളുമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും ആരോപിച്ച് പള്ളി കമ്മിറ്റിയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
കാസർകോട്: പെരുമ്പളയിൽ എല്ലാ രേഖകളുമുള്ള കെട്ടിടം പൊളിക്കാൻ പിഡബ്ല്യുഡി അധികൃതർ നോട്ടീസ് പതിച്ചതായി പരാതി. പെരുമ്പള ജുമാ മസ്ജിദ് ജമാഅത്ത് ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം കയ്യേറി കട നടത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു മാറ്റും എന്നാണ് അസിസ്റ്റൻ്റ് എഞ്ചിനീയർ പെരുമ്പള പാലത്തിന് സമീപത്ത കെട്ടിടത്തിൽ നോട്ടീസ് പതിച്ചത്. പെരുമ്പള ജുമാമസ്ജിദ് ജമാഅത്ത് ഉടമസ്ഥതയിൽ ഉള്ളതാണ് കെട്ടിടം. എല്ലാ രേഖകളും ഉണ്ടെന്നും അനുമതിയോടെ നിർമ്മിച്ച് നികുതി അടക്കുന്ന കെട്ടിടമാണിതെന്നും ജമാഅത്ത് അധികൃതർ വിശദീകരിക്കുന്നു. രേഖകൾ പരിഗണിക്കാതെ പൊളിക്കാനുള്ള നോട്ടീസ് പതിച്ചതിനെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാർ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിലാണ്.
രാഷ്ട്രീയ പ്രേരിതമായ നീക്കം ആണിതെന്നും നിയമപരമായി നേരിടുമെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പിഡബ്ല്യുഡി അധികൃതരുടെ വിശദീകരണം.

