തർക്കം മണ്ഡലം തലത്തിൽ ചർച്ച ചെയ്യാതെ അതാത് പഞ്ചായത്തുകളിൽ തന്നെ തീർക്കുക എന്ന നയതന്ത്രമാണ് സിപിഎം നേതൃത്വം കൈ കൊണ്ടിട്ടുളളത്.
തൃശൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വർധിച്ച വാർഡുകൾ കൈയടക്കി സിപിഎം. എട്ട് പഞ്ചായത്തുകളിലായി 14 വാർഡുകളുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ചില പഞ്ചായത്തുകളിൽ രണ്ടും, ചിലയിടത്ത് ഒരു വാർഡുമാണ് വർധിപ്പിച്ചിട്ടുള്ളത്. എന്നാൽ 14 വാർഡിൻ്റെ വർധനവ് ഉണ്ടായിട്ടും അതിൽ ഒരു വാർഡ് പോലും ഘടകകക്ഷിയായ സിപിഐക്ക് നൽകാതെ പതിനാലും സിപിഎം കയ്യടക്കി വച്ചിരിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ആക്ഷേപമുയരുന്നു.
തർക്കം മണ്ഡലം തലത്തിൽ ചർച്ച ചെയ്യാതെ അതാത് പഞ്ചായത്തുകളിൽ തന്നെ തീർക്കുക എന്ന നയതന്ത്രമാണ് സിപിഎം നേതൃത്വം കൈ കൊണ്ടിട്ടുളളത്. പഞ്ചായത്തുതലത്തിൽ ഒന്നോ രണ്ടോ വാർഡുകൾ വർധിച്ചാൽ അതിലൊന്ന് എങ്ങനെ സിപിഐയ്ക്ക് നൽകാനാവും എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. എന്നാൽ മണ്ഡലം അടിസ്ഥാനത്തിൽ കണക്കുകൂട്ടുമ്പോൾ പതിനാലിൽ നാലെണ്ണമാണ് സിപിഐ ചോദിച്ചത്. എന്നാൽ ഇത് നൽകാൻ സിപിഎം തയ്യാറാകാത്തതാണ് തർക്കത്തിന് കാരണം.
സീറ്റ് തർക്കം ചർച്ച ചെയ്യാനായി മണ്ഡലതല മുന്നണിയോഗം ചേരുന്നില്ല എന്നതാണ് സിപിഐയുടെ പരാതി. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട ദിവസം എത്തിയിട്ടും വർദ്ധിപ്പിച്ച വാർഡുകളിലെ സീറ്റു തർക്കം തീരാത്തത് കാരണം 8 പഞ്ചായത്തുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.
