അയ്യൻകുഴിയിലെ ഭൂമി ഏറ്റെടുക്കണമെന്നതടക്കമുളള ആവശ്യവുമായി പ്രദേശവാസികൾ നടത്തുന്ന സമരം 80 ദിവസം പിന്നിട്ടു.
കൊച്ചി: എറണാകുളം അയ്യന്‍കുഴിയിലെ മലിനീകരണം എല്ലാ പരിധിയും ലംഘിച്ചെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണ്ടെത്തൽ. പ്രദേശത്തെ വായുവിലും ജലത്തിലും ഗുരുതര രോഗങ്ങൾക്കിടയാക്കുന്ന പദാർത്ഥങ്ങളടങ്ങിയിട്ടുണ്ടെന്നും ശബ്‍ദ മലിനീകരണം രൂക്ഷമെന്നുമുളള പിസിബി റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതിനിടെ അയ്യൻകുഴിയിലെ ഭൂമി ഏറ്റെടുക്കണമെന്നതടക്കമുളള ആവശ്യവുമായി പ്രദേശവാസികൾ നടത്തുന്ന സമരം 80 ദിവസം പിന്നിട്ടു.
ശുദ്ധമായ വായുവിനും ജലത്തിനുമായി ഒരു ജനത നടത്തുന്ന പോരാട്ടം 80 ദിവസം പിന്നിടുകയാണ്. മലിനീകരണത്തിന് പരിഹാരമില്ലെങ്കിൽ പുനരധിവാസമോ ഭൂമി ഏറ്റെടുക്കലോ വേണമെന്ന ആവശ്യത്തിനുമുണ്ട് പതിറ്റാണ്ടുകളുടെ പഴക്കം. പൊതുമേഖല സ്ഥാപനങ്ങളായ കൊച്ചിൻ റിഫൈനറിയുടെയും എച്ച് ഒ സിയുടെയും മതിലുകൾക്കുള്ളിലെ ഒമ്പതര ഏക്കറിൽ ദുരിതം ജീവിതം തുടരുകയാണ് അയ്യൻകുഴിക്കാർ. ജീവിക്കാനുള്ള ആ സമരത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളോ സാമുദായിക നേതൃത്വമോയില്ല.
പലകുറി കോടതി കയറിയ വ്യവഹാരത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അയ്യൻകുഴിയിൽ പരിശോധന നടത്തിയത്. പ്രദേശത്തെ വായുവും വെള്ളവും ശബ്ദവും ഒരു മാസം പരിശോധിച്ചു. കഴിഞ്ഞ ഡിസംബർ നാലിന് തുടങ്ങിയ നടപടികൾ ജനുവരിയിൽ പൂർത്തിയാക്കി. അയ്യൻകുഴി ജനവാസയോഗ്യമല്ലെന്ന് പരോക്ഷമായി പറയുന്നുണ്ട് പരിശോധന റിപ്പോർട്ട്.
കുടിവെള്ളവും വായവും മാരകരോഗങ്ങൾക്ക് കാരണമായേക്കും വിധം മലിനമാണ്. ശബ്‍ദ മലിനീകരണം രാത്രിയോ പകലോ എന്നില്ലാതെ രൂക്ഷവുമാണ്. ജനവാസ മേഖലയിൽ അനുവദനീയമായ ശബ്‍ദ പരിധി 45 ഡെസിബൽ എന്നിരിക്കെ അയ്യൻകുഴിലിത് 61 മുതൽ 69 ഡെസിബൽ വരെയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണ്ടെത്തലുകളെങ്കിലും സർക്കാരിന്‍റെയോ കമ്പനികളുടെയോ കണ്ണുത്തുറപ്പിക്കുമെന്നാണ് അയ്യൻകുഴിക്കാരുടെ പ്രതീക്ഷ.
