Asianet News MalayalamAsianet News Malayalam

ഗ്യാപ്പ് റോഡ് സഞ്ചാരയോഗ്യമാക്കണം; സമരം ശക്തമാക്കി ദേവികുളം നിവാസികള്‍

ഇടുക്കിയിലെ ഗ്യാപ്പ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ദേവികുളം നിവാസികള്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നു.

Devikulam natives start strike for gap road reconstruction
Author
Idukki, First Published Nov 13, 2019, 7:50 PM IST

ഇടുക്കി: ഗ്യാപ്പ് റോഡ് സഞ്ചാരയോഗ്യമാക്കണെമന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേത്യത്വത്തില്‍ സമരം ശക്തമാക്കി ദേവികുളം നിവാസികള്‍. 18 മാസത്തിനുള്ളില്‍ റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കുമെന്ന് പറഞ്ഞാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ പണികള്‍  അധിക്യതര്‍ ആരംഭിച്ചത്. ചിലയിടങ്ങളില്‍ റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ഗ്യാപ്പ് റോഡില്‍ അശാസ്ത്രീയമായി പാറപൊട്ടിച്ചതാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരക്കാര്‍ക്കതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാല്‍ റോഡിന്റെ പണികള്‍ നിര്‍ത്തിവെയ്ക്കാന്‍ പാടില്ലെന്നും ഇവര്‍ പറഞ്ഞു. മൂന്നാര്‍ മേഖലയില്‍ താമസിക്കുന്ന ആയിരക്കണക്കിനുപേര്‍ ടൂറിസത്തെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അശാസ്ത്രീയ പാറപൊട്ടിക്കലിന്റെ പേരില്‍ പണികള്‍ നീണ്ടുപോകുന്നത് ജനജീവിതത്തിന് തിരിച്ചടിയാവുകയാണ്. ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടല്‍ ഭീതിയിലാണ്. ചിന്നക്കനാലില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളുടെ പഠനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണെന്നും ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു.

റോഡ് തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്വത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചിരുന്നു. ഉപരോധം ജില്ലാ ട്രഷറര്‍ കെ കെ വിജന്‍ ഉദ്ഘാടനം ചെയ്തു. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, വ്യാപാര വ്യവസായി ജില്ലാ കമ്മറ്റി അംഗം ജീനറ്റ് സ്‌കറിയ കോശി, സാമുവല്‍, ജോബി ജോണ്‍, ഫാ. ആന്റണി രാജ്, സുനില്‍ കുമാര്‍, ആരോഗ്യരാജ് എന്നിവര്‍ പങ്കെടുത്തു.


 

Follow Us:
Download App:
  • android
  • ios