സെപ്റ്റംബർ 23 -ന് ഹർത്താൽ ദിനത്തിൽ മോഷണം നടത്തി ഒളിവിൽ പോയ പ്രതി ദേവികുളം പൊലീസിൻ്റെ പിടിയിലായി
മൂന്നാർ: സെപ്റ്റംബർ 23 -ന് ഹർത്താൽ ദിനത്തിൽ മോഷണം നടത്തി ഒളിവിൽ പോയ പ്രതി ദേവികുളം പൊലീസിൻ്റെ പിടിയിലായി. രാജാക്കാട് പെരിപ്പുറം കര, നെടുമ്പന ക്കുടിയിൽ എൻ റ്റി രാജൻ (42) ആണ് പിടിയിലായത്. മൂന്നാർ ലാക്കാട് ഭാഗത്ത് ഗ്രീൻവർത്ത് ഇൻഫോസ്ട്രക്ചർ കമ്പനിയുടെ പൂട്ടി കിടന്ന സ്റ്റോർ യാഡിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ ഇരുമ്പു സാമഗ്രികളും സ്പെയർ പാട്ട്സുകളും മോഷ്‌ടിച്ചുകടത്തിയ കേസിലെ പ്രതികളിൽ ഒരാളാണ് രാജൻ.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ വച്ച് വാഹന പരിശോധനക്കിടയിൽ ഓട്ടോറിക്ഷയിൽ നിന്ന് ആണ് മോഷണ വസ്തുക്കൾ പിടികൂടിയത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുരേഷ്, ബെന്നി എന്നിവരെ പിടികൂടിയെങ്കിലും രാജൻ സമീപത്തുള്ള വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് ദേവികുളം പൊലിസിൻ്റെ അനേഷണത്തിൻ ഇയാളെ ചെകുത്താൻ മൂക്കിൽ വച്ച് പിടികൂടുകയായിരുന്നു.
ദേവികുളം ഇൻസ്പെക്ടർ എസ്.ശിവലാൽ, എസ്ഐ എംഎൻ സുരേഷ്, നിസാർ. പി പി, അനീഷ് പികെ, അനൂപ്, അബ്ബാസ്, സ്മിതാ മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, ട്രെയിനില്‍ മോഷണം നടത്തി ഇറങ്ങിയോടിയ കള്ളന്മാര്‍ക്ക് പിന്നാലെ പാഞ്ഞ് ബാഗ് വീണ്ടെടുത്ത് നല്‍കി പൊലീസ്. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എന്‍ മുഹമ്മദ് ഫൈസലും കെ എം ഹിദായത്തുള്ളയുമാണ് ഒന്നര കിലോമീറ്ററോളം കള്ളന്മാര്‍ക്ക് പിന്നാലെ ഓടിയത്. കഴിഞ്ഞ ദിവസം സേലത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു ഇരുവരും.
പുലര്‍ച്ചെ ട്രെയിന്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലിറങ്ങി പരിസരം നിരീക്ഷിച്ച് നില്‍ക്കവേ എ സി കമ്പാര്‍ട്ട്മെന്‍റ് ഭാഗത്തായി ആള്‍ക്കാര്‍ ബഹളം വയ്ക്കുന്നത് കേട്ടാണ് ഇരുവരും അങ്ങോട്ടേയ്ക്ക് പാഞ്ഞത്. ട്രെയിനില്‍ നിന്നിറങ്ങി രണ്ട് പേര്‍ ഇറങ്ങി ഓടുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. സേലം സ്വദേശിയായ യാത്രക്കാരന്‍റെ ലാപ്ടോപ്പ് ബാഗ് തട്ടിയെടുത്താണ് കള്ളന്‍മാര്‍ ഓടിയതാണെന്ന് മനസിലാക്കിയ പൊലീസുകാര്‍ പിന്നാലെ ഓടി.
ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഇരുട്ടില്‍ റെയില്‍വേ ട്രാക്കിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളുടെ പുറകെ ടോര്‍ച്ചു വെട്ടത്തില്‍ ഒന്നര കിലോമീറ്ററോളം പൊലീസുകാരും ഓടി. പൊലീസ് ഉദ്യോഗസ്ഥര്‍ വിടാതെ പിന്തുടരുന്നത് മനസിലാക്കിയ കള്ളന്‍മാര്‍ ബാഗ് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം കാടിനുള്ളിൽ ഓടി മറയുകയായിരുന്നു. ടോര്‍ച്ച് വെളിച്ചത്തില്‍ കാട്ടില്‍ നിന്ന് ബാഗ് വീണ്ടെടുത്തശേഷം മുഹമ്മദ് ഫൈസലും ഹിദായത്തുള്ളയും കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.
