ഇടുക്കി: ഹൈക്കോടതി ഉത്തരവുമായെത്തിയ വിദ്യാര്‍ത്ഥിനിയെ പഞ്ചായത്ത് അധിക്യതര്‍ ആട്ടിയിറക്കി. വിദ്യാര്‍ത്ഥിനിക്ക്  ലാപ്ടോപ്പ് എത്തിച്ചുനല്‍കി ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍.  ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നെടുംകണ്ടം വടക്കേടത്ത് വീട്ടില്‍ അനഘയ്ക്കും സഹോദരി ആര്‍ദ്രയ്ക്കും ദേവികുളം സബ് കളക്ടര്‍ ഇടപ്പെട്ട്  ലാപ്ടോപ്പ്  എത്തിച്ചുനല്‍കിയത്. 

2018ലാണ് പഠന ആവശ്യത്തിനായി  ലാപ്ടോപ്പ്  അനുവധിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് അനഘ ബാബു നെടുംകണ്ടം പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ കുട്ടിയുടെ പേര് വരുകയും ചെയ്തു. എന്നാല്‍ പ്രളയത്തിന്റെ പേരില്‍ കുട്ടിക്ക്  ലാപ്ടോപ്പ്  നല്‍കാന്‍ അധിക്യതര്‍ തയ്യറായില്ല. കൊവിഡിന്റെ കാലത്ത് വീണ്ടും പഠനം മുടങ്ങാതിരിക്കാന്‍ കുട്ടിയും മാതാപിക്കളും വാര്‍ഡ് അംഗത്തെയും സെക്രട്ടറിയേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 

തുടര്‍ന്ന് അനഘ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് അഞ്ച് ആഴ്ചക്കുള്ളില്‍  ലാപ്ടോപ്പ്  നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരവുമായി പഞ്ചായത്തിലെത്തിയ കുട്ടിയേയും മാതാവിനെയും അധിക്യതര്‍ ആട്ടിയിറക്കി. ഇതോടെയാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. കുട്ടിയുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

തുടര്‍ന്നാണ് സബ് കളക്ടര്‍ ബുധനാഴ്ച പഞ്ചായത്ത് സെക്രട്ടറി എ വി അജിത്ത് കുമാര്‍, ഇംബ്ലിമെന്റ് ഓഫീസര്‍ കെ എസ് പ്രവീണ്‍കുമാര്‍ എന്നിവരെ ദേവികുളം ഓഫീസില്‍ വിളിപ്പിച്ച് ലാപ്പ്‌ടോപ്പ് കൈമാറിയത്. നിലവില്‍ ആര്‍ദ്ര ബാബുവാണ് പഞ്ചായത്തില്‍  ലാപ്ടോപ്പിനായി അപേക്ഷനല്‍കിയത് അവര്‍ക്ക് ഇന്നുതന്നെ  ലാപ്ടോപ്പ്  കൈമാറും.  അനഘയുടെ കാര്യത്തില്‍ അപേക്ഷ വാങ്ങിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധിക്യതര്‍ അറിയിച്ചു.