എം എം മണിയുടെ സഹോദരന്‍ ലംബോദരന്‍റെ തോക്കുപാറയ്ക്ക് സമീപം ആരംഭിച്ച പാര്‍ക്കിനെതിരെയും നടപടിയുണ്ടായി. തുടര്‍ന്ന് സി പി എം പാര്‍ട്ടി നേത്യത്വം പ്രശ്‌നത്തില്‍ ഇടപെടുകയും താലൂക്കിലെ ഭൂമി പ്രശ്‌നങ്ങളില്‍ താല്കാലിക ഇടപെടല്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. 

ഇടുക്കി: ഭൂപതിവ് ചട്ടലംഘനത്തില്‍ ശക്തമായ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. നവംബര്‍ 2 വരെ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുകയാണെന്നാണ് സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ പറയുന്നതെങ്കിലും പിന്നില്‍ എംഎം മണിയടക്കം നടത്തിയ വിമര്‍ശനങ്ങളാണ് കാരണമെന്നാണ് വിലയിരുത്തല്‍.

ദേവികുളം താലൂക്കില്‍ നിലനിന്നിരുന്ന ഭൂവിഷയുമായി ബന്ധപ്പെട്ട് കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സബ് കളക്ടര്‍ നടപടികള്‍ സ്വീകരിച്ചുവന്നത്. ഇതിന്‍റെ ഭാഗമായി മൂന്നാറിലും സമീപ പ്രദേശങ്ങളിലും നടത്തിയ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സബ് കലക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എം എം മണിയുടെ സഹോദരന്‍ ലംബോദരന്‍റെ തോക്കുപാറയ്ക്ക് സമീപം ആരംഭിച്ച പാര്‍ക്കിനെതിരെയും നടപടിയുണ്ടായി. തുടര്‍ന്ന് സി പി എം പാര്‍ട്ടി നേത്യത്വം പ്രശ്‌നത്തില്‍ ഇടപെടുകയും താലൂക്കിലെ ഭൂമി പ്രശ്‌നങ്ങളില്‍ താല്കാലിക ഇടപെടല്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് സെപ്ടബര്‍ 26 ന് ജില്ലയിലെത്തിയ മുഖ്യമന്ത്രി ഭൂപതിവ് ചട്ട ഭേതഗതി സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉള്ളതിനാല്‍ പരിശോധനകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍, റവന്യുവകുപ്പിന്‍റെ നേത്യത്വത്തില്‍ നിയമ ലംഘനം കണ്ടെത്തിയ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നത് ജില്ലയില്‍ തുടര്‍ന്നു. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന പ്രദേശിക സി പി എം നേത്യത്വം ദേവികുളം ആ ര്‍ഡി ഒ ഓഫീസ് ഉപരോധിച്ചു. 

ഉപരോധം ഉദ്ഘാടനം ചെയ്ത എംഎം മണി ദേവികുളം സബ് കലക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മയെ തെമ്മാടിയാണെന്നും പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന യു പി യിൽ നിന്നുള്ളവനാണ് സബ് കലക്ടറെന്നും അതിക്ഷേപിച്ചു. നോട്ടീസ് കൊടുക്കുന്നത് തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം സബ് കളക്ടറെ താക്കീത് ചെയ്തു. സി പി എമ്മിന്‍റെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് സബ് കളക്ടറുടെ ഇപ്പോഴത്തെ അവധിക്ക് പിന്നിലെന്നാണ് സൂചന. ഇതിനിടെ, രാഹുല്‍ കൃഷ്ണയെ ദേവികുളത്ത് നിന്നും മാറ്റാന്‍ പാര്‍ട്ടി ജില്ലാ നേത്യത്വത്തിന്‍റെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കൂടുതല്‍ വായനയ്ക്ക്: 'അയാള്‍ തെമ്മാടിയാണ്'; ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് എംഎം മണി എംഎല്‍എ