Asianet News MalayalamAsianet News Malayalam

Anil Kant : എന്തൂട്ട് ഓട്ടമാണ് എന്റിഷ്ടാ..! ട്രെയിനികൾ കിതച്ചപ്പോൾ കുതിച്ച് ഡിജിപി,ഓടിത്തീർത്തത് 20 റൗണ്ട്

ഡിജിപിക്ക് ഒപ്പം പരിശീലനാർത്ഥികളും ഓടി. എന്നാൽ, അഞ്ച് റൗണ്ട് കഴിഞ്ഞപ്പോ അവര് നിർത്തി... പക്ഷേ, പൊലീസ് മേധാവി നിർത്തിയില്ല. ഡിജിപിയുടെ കായിക ക്ഷമതയും ദീർഘദൂര ഓട്ടവും വിസ്മയത്തോടെയാണ്  കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിലുണ്ടായിരുന്ന ഏവരും നോക്കി നിന്നത്. 

dgp anil kant completed  20 rounds in police training ground
Author
Thrissur, First Published Dec 9, 2021, 7:36 PM IST

തൃശൂർ: എന്താടാ പിള്ളാരേ... ക്ഷീണിച്ച് പോയോ..? കേരള പൊലീസിലേക്ക് വരുന്ന പുതിയ പിള്ളാരോട് ഡിജിപി (DGP) ഒന്നും ചോദിച്ചില്ലെങ്കിലും കണ്ട് നിന്നവരുടെ മനസിൽ ആ ചോദ്യം വന്നു കാണും. തൃശൂർ ഭാഷയിൽ എന്തൂട്ട് ഓട്ടമാണ് എന്റിഷ്ടാ... എന്നാകും അവര് വിചാരിച്ച് കാണുക. ജില്ലയിലെ വലിയ പരേഡ് ​ഗ്രൗണ്ടിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് (DGP Anil Kant) നിർത്താതെ 20 റൗണ്ട് ഓടി തീർത്താണ് തന്റെ ശാരീരികക്ഷമതയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിച്ചത്. ഡിജിപിക്ക് ഒപ്പം പരിശീലനാർത്ഥികളും ഓടി.

എന്നാൽ, അഞ്ച് റൗണ്ട് കഴിഞ്ഞപ്പോ അവര് നിർത്തി... പക്ഷേ, പൊലീസ് മേധാവി നിർത്തിയില്ല. ഡിജിപിയുടെ കായിക ക്ഷമതയും ദീർഘദൂര ഓട്ടവും വിസ്മയത്തോടെയാണ്  കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിലുണ്ടായിരുന്ന ഏവരും നോക്കി നിന്നത്. ആദ്യമായാണ്  സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസ് അക്കാദമി സന്ദർശിക്കാൻ എത്തിയത്. ആറ് മണിയോടെ പരിശീലനാർത്ഥികൾക്കൊപ്പം ഓട്ടം തുടങ്ങിയ അദ്ദേഹം എട്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. ഇതിന് ശേഷം കായിക പരിശീലനത്തിലും ഡിജിപി പങ്കെടുത്തു.

ഡിജിപിയുടെ ഓട്ടം കണ്ട് വണ്ടറടിച്ച് നിന്ന് പരിശീലനാർത്ഥികളോട് പിന്നീട് നടന്ന സംവാദത്തിൽ തന്റെ  കായികക്ഷമതയുടെ വിജയരഹസ്യവും അദ്ദേഹം പങ്കുവെച്ചു. സ്പോർട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ഓടും. മനക്കരുത്തും ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിർത്തണമെന്നും ഡിജിപി പറഞ്ഞു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തുമെന്നും എസ്ഐ കേഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും അവബോധവും കൂടുതൽ മനസിലാക്കുവാൻ പരിശീലന സിലബസ് പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios