വിവിധ ക്ലബുകൾക്കായി ഫുട്ബോൾ കളിച്ചിരുന്ന അക്ഷയ് ചെറുപ്പം മുതലേ ബ്രസീൽ ടീം ആരാധകനായിരുന്നു.
കൊച്ചി: നാല് വർഷം മുൻപ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടതോടെ കാക്കനാട് പാറയ്ക്കാമുകൾ കളപ്പുരയ്ക്കൽ അക്ഷയ് എന്ന 26കാരന്റെ ജീവിതവും അപ്രതീക്ഷിതമായി വഴിമാറി. ബ്രസീലിന്റെ കടുത്ത ആരാധകനായ അക്ഷയ്, നാട്ടിൽ ഒരുക്കിയിരുന്ന ബിഗ് സ്ക്രീനിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം മത്സരം കാണുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. അവസാന വിസിലിന് പിന്നാലെയുണ്ടായ ആ സംഭവം ഇന്നും സുഹൃത്തുക്കൾക്ക് മറക്കാനായിട്ടില്ല. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അക്ഷയ്യുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. അമിത രക്തസമ്മർദമാണ് ആരോഗ്യനില വഷളാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതിന് ശേഷം നാളിതുവരെ അക്ഷയ് ബോധം വീണ്ടെടുത്തിട്ടില്ല. വിവിധ ക്ലബുകൾക്കായി ഫുട്ബോൾ കളിച്ചിരുന്ന അക്ഷയ് ചെറുപ്പം മുതലേ ബ്രസീൽ ടീം ആരാധകനായിരുന്നു.
ഓരോ മത്സരവും ആവേശത്തോടെ കാത്തിരുന്ന അക്ഷയ്യുടെ ജീവിതം 2022 ലോകകപ്പ് രാത്രിയോടെ മാറിമറിഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ബ്രസീൽ മൊറോക്കോയെ നേരിടുന്ന വിവരം അറിയിക്കാനായി സുഹൃത്തുക്കൾ അക്ഷയിയുടെ വീട്ടിലെത്തി. കളിയെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത് അക്ഷയ്ക്ക് മനസ്സിലായോയെന്നത് വ്യക്തമല്ലെങ്കിലും, പതിവിൽ നിന്ന് വ്യത്യസ്തമായ പ്രതികരണം കണ്ടതോടെ വീട്ടുകാരും സുഹൃത്തുക്കളും പ്രതീക്ഷയിലാണ്. കനിവ് ഹോം കെയർ പ്രവർത്തകരും സുഹൃത്തുക്കളും അക്ഷയിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ബ്രസീലിന്റെ ജഴ്സി അണിയിച്ചു.ചികിത്സാ ചെലവുകൾ വഹിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മുന്നിട്ടിറങ്ങിയത്. ചുമട്ട് തൊഴിലാളിയായ കെ ടി പുരുഷോത്തമനും ഭാര്യ ജയയും ഇളയ മകളും ഉൾപ്പെടുന്നതാണ് അക്ഷയ്യുടെ കുടുംബം.


