ഇടുക്കി: ക്രിസ്ത്യന്‍ അസോസിയേഷന്‍റെ ആഘോഷ പരിപാടിയില്‍ താരമായി ധാരിക. വിവിധ ക്രിസ്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായി മൂന്നാറില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലാണ് ഭിന്നശേഷിക്കാരിയായ ധാരിക ന്യത്തചുവടുകള്‍ തീര്‍ത്ത് സന്ദര്‍ശകരുടെയടക്കം മനം കവര്‍ന്നത്. 

ക്രിസ്മസിനോട് അനുബന്ധിച്ചാണ് അസോസിയേഷന്‍ കലാസന്ധ്യ സംഘടിപ്പിച്ചത്. കുട്ടിപാപ്പാന്‍മാരുടെ ന്യത്ത ചുവടുകളോടുകൂടിയായിരുന്നു തുടക്കം. സിഐഎസ്ഐ വികാരി ഫാ. അനൂപിന്റെ പ്രാര്‍ത്ഥനയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ഫാ. ഫ്രാന്‍സീസ് സേവ്യര്‍ താന്നിക്കാപറമ്പില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. 

തുടര്‍ന്നു നടന്ന പരുപാടിയിലാണ് എല്ലാവരെയും അമ്പരപ്പിച്ച് ഭിന്നശേഷിക്കാരിയായ ധാരിക ന്യത്ത ചുവടുകളുമായി എത്തിയത്. വിദേശികളടക്കം അവളുടെ നൃത്തത്തെ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് ഫാ. വിന്‍സന്റ് പാറമേല്‍, ഫാ. നിറ്റിന്‍ ബോസ്, ഫാ. ബിജോയി ജേക്കപ്പ്, ഫാ. ബൈജു തോമസ്, ഫാ. ജിന്‍സന്‍ തകരപ്പിള്ളി എന്നിവര്‍ നേത്യത്വം നല്‍കി. 

അസോസിയേഷന്‍റെ ചാരിറ്റബിള്‍ ട്രസ്റ്റ് ധാരികയ്ക്ക് ധനസഹായം നല്‍കി. പരിപാടിയില്‍ മൂന്നാര്‍ ഡിവൈഎസ്‍പി രമേഷ് കുമാര്‍ മുഖ്യാധിതിയായിരുന്നു. വിവിധ ക്രിസ്റ്റ്യന്‍ പള്ളികളുടെ ക്രിസ്മസ് ഗാനങ്ങള്‍ വിദേശികളടക്കമുള്ളവരുടെ മനം കവര്‍ന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികള്‍ ആസ്വദിക്കാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.