Asianet News MalayalamAsianet News Malayalam

പരിമിതികളെ മറികടന്ന് പരിസ്ഥിതിക്കായി; പുറംപോക്ക് ഭൂമിയില്‍ ചെറുവനം സൃഷ്ടിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍

ഒരേക്കറോളം വരുന്ന പുറംപോക്ക് ഭൂമിയിൽ മരങ്ങൾ നട്ട് ചെറുവനം സൃഷ്ടിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍. 

differently abled children created mini forest
Author
Kozhikode, First Published Mar 4, 2020, 6:24 PM IST

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം  മുതലായ പാരിസ്ഥിതിക പ്രശ്നങ്ങൾ  മനുഷ്യനെയും പ്രകൃതിയെയും സാരമായി ബാധിക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള സാമുഹ്യ പ്രശ്നങ്ങളിൽ തങ്ങളാൽ കഴിയും വിധം ഇടപെടുകയാണ്  തീവ്രചലന പരിമിതിക്കാർ ഉൾപ്പെടെയുള്ള  ഭിന്നശേഷിക്കാരായ കുട്ടികൾ. കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്റർ (BRC) ക്ക് കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും മറ്റും പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 25 കുട്ടികൾ ആണ് 'പച്ചിലക്കാട്' എന്ന പേരിൽ ഒരേക്കറോളം വരുന്ന പുറംപോക്ക് ഭൂമിയിൽ മരങ്ങൾ നട്ട് സമൂഹ പങ്കാളിത്തത്തോടെ  സംരക്ഷിച്ച് ചെറുവനം സൃഷ്ട്ടിക്കുന്നത്. ഗ്രീൻ നൊസ്റ്റാൾജിയ, ഒയിസ്ക്ക മുതലായ പരിസ്ഥിതി സംഘടനകളും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും മരുതോങ്കര ഗ്രാമപഞ്ചായത്തും  പരിപാടിക്ക് പൂർണ്ണ പിന്തുണയുമായി കൂടെ നിൽക്കുന്നു.  

 ജൈവവൈവിധ്യം കാത്തുസൂക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക വനവത്ക്കരണത്തിനുമായി മാതൃകയായി ഇടപെട്ടതിന് രാജ്യത്ത് സ്ത്രീകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ പുരസ്ക്കാരമായ നാരീ പുരസ്ക്കാരം ലഭിച്ച കായംകുളം കണ്ടല്ലൂർ പുതിയവിള കൊല്ലകൽ സ്വദേശി ആയ  ദേവകിയമ്മ കുട്ടികളോടൊപ്പം വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. 

 ഇതിനകം  പദ്ധതിയെ കുറിച്ച് അറിഞ്ഞ  ശാസ്ത്രജ്ഞരായ മാധവ് ഗാർഡ് ഗിൽ,  ഗോപാൽ ജീ, നടൻ മോഹൻലാൽ,എഴുത്തുകാരായ രാമചന്ദ്രഗുഹ, ബെന്യാമിൻ, കെ ആർ മീര, രാമനുണ്ണി, മനു എസ് പിള്ള , മുതലായ പ്രമുഖർ കുട്ടികൾക്ക് ആശംസകൾ നേർന്നു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്: സതി അദ്ധ്യക്ഷയായ ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് മുഖ്യാതിഥിയായിരുന്നു. എസ്എസ്‌കെ കോഴിക്കോട് ജില്ലാ പ്രോജക്ട്‌ കോഡിനേറ്റർ എകെ അബ്ദുൾഹക്കിം  നാരീ പുരസ്കാര ജേതാവ് ശ്രീമതി ദേവകി അമ്മയെ ആദരിച്ചു.

നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് AK നാരയണി, കുന്നുമ്മൽ എഇഒ പി സി മോഹനൻ, ഒയിസ്ക പ്രതിനിധി  സെഡ് എ അബ്ദുൾ സൽമാൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത്‌ മെമ്പർ അബ്ദുൾ ലത്തീഫ്‌, ഡോക്ടർ സച്ചിത്ത്‌, ആഷോസമം, സിറാജ്‌ ഇല്ലത്ത്‌, ടി എ അനീഷ്‌, സ്പർശം പെയിൻ & പാലിയേറ്റീവ് പ്രതിനിധി, എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ബിപിഒ ശ്രീ കെ കെ സുനിൽകുമാർ സ്വാഗതവും റിസോഴ്സ് അധ്യാപകൻ ശ്രീ പി പി ആദിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios