വൈകല്യം മനസ്സിലായിട്ടും കഴിഞ്ഞ 39 വർഷമായി ശ്രീജിത്തിനെ ചേർത്ത് നിർത്തി സംരക്ഷിക്കുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുന്‍പ് ഭാമിനി വീണു പരിക്ക് പറ്റി കിടപ്പിലായതോട് കൂടി കുടുംബത്തിന്റെ താളം തെറ്റി.
കായംകുളം: ജന്മനാ മനോവൈകല്യമുള്ള 39 കാരനായ ശ്രീജിത്തിനേയും, വീണ് പരിക്ക് പറ്റി കിടപ്പിലായ മാതാവ് ഭാമിനിയേയും വള്ളിക്കുന്ന് കേന്ദ്രമായുള്ള മാതൃജ്യോതി അഭയകേന്ദ്രം ഏറ്റെടുത്തു. കായംകുളം നഗരസഭാ കൗൺസിലർ ബിന്ദു രാഘവന്റേയും, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി കോട്ടിരേത്ത് എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ മാതൃജ്യോതി ഏറ്റെടുത്തത്.
കായംകുളം, കൃഷ്ണപുരം, കാപ്പിൽമേക്ക് ശ്രീജിത്ത് ഭവനിൽ പുരുഷോത്തമൻ ഭാമിനി ദമ്പതികൾക്ക് മക്കളില്ലാഞ്ഞതിനേ തുടർന്നാണ് ശ്രീജിത്തിനെ ദത്തെടുത്ത് വളർത്തിയത്. വളർച്ചയുടെ ഘട്ടത്തിലാണ് ശ്രീജിത്തിന് മനോവൈകല്യമുണ്ടെന്ന് ദമ്പതികൾ മനസ്സിലാക്കുന്നത്. വൈകല്യം മനസ്സിലായിട്ടും കഴിഞ്ഞ 39 വർഷമായി ശ്രീജിത്തിനെ ചേർത്ത് നിർത്തി സംരക്ഷിക്കുകയായിരുന്നു.
പിതാവ് പുരുഷോത്തമന്റെ മരണ ശേഷവും മാതാവ് ശ്രീജിത്തിനെ സംരക്ഷിച്ചു പോരുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുന്‍പ് ഭാമിനി വീണു പരിക്ക് പറ്റി കിടപ്പിലായതോട് കൂടി കുടുംബത്തിന്റെ താളം തെറ്റി. ശ്രീജിത്തിന് മനോവൈകല്യമുള്ളത് കാരണം കൂടെ നിന്ന് സംരക്ഷിക്കുവാനോ, മാതാവിന് ആവശ്യമായ ചികിത്സയും, ഭക്ഷണവും നൽകുന്നതിന് ബുദ്ധിമുട്ടും നേരിട്ടതോടെയാണ് ജനപ്രതിനിധികൾ ഇടപെട്ടത്. മാതൃജ്യോതി ഏറ്റെടുത്തതോട് കൂടി ശ്രീജിത്തിനും, മാതാവിനും ആവശ്യമായ സുരക്ഷയും മരുന്നും, ഭക്ഷണവും ലഭ്യമാകും.
