''ക്വാറന്റീനിൽ കഴിയുന്ന വീടുകളിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് സച്ചിന്റെ വീട്ടിലെ നമ്പർ കിട്ടിയത്. വിളിച്ച് അന്വേഷിച്ചപ്പോൾ അവൻ ആദ്യം പറഞ്ഞത് ചിക്കൻ കഴിച്ചിട്ട് കുറേ നാളായി എന്നാണ്...''

തൃശൂ‍ർ: പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്, ഉപയോ​ഗിക്കാൻ തന്നേ പാടുള്ള ശുചിമുറി, ആറ് വ‍ർഷമായി തള‍ർന്നുകിടക്കുന്ന അച്ഛൻ. കൂലിപ്പണിക്കാരിയായ അമ്മ. കൊവിഡ് ബാധിച്ച് ക്വാറന്റീനിലിരിക്കുന്ന ആറാം ക്ലാസുകാരനായ സച്ചിന്റെ വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ചകൾ വിവരിക്കുകയാണ് മാള ജനമൈത്രി പൊലീസിലെ സിപിഒ സജിത്ത്. 

മാള വടമയിലെ പൊട്ടിപ്പൊളിഞ്ഞുവീഴാറായ വീട്ടിന് മുന്നിൽ ഒരു തോർത്തുമുണ്ട് മാത്രമുടുത്ത് നിൽക്കുകയായിരുന്നു സച്ചിനെന്ന് സിപിഒ സജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. വിശേഷം ഫോൺവിളിച്ച് അന്വേഷിച്ചപ്പോൾ ചിക്കൻ തിന്നിട്ട് കുറേനാളായെന്നും വീട്ടിൽ ആഹാരമുണ്ടാക്കാൻ ഒന്നുമില്ലെന്നും കേട്ടാണ് സിപിഒമാരായ സജിത്തും മാ‍ർട്ടിനും അവിടേക്ക് ചെന്നത്. തളർന്നുകിടക്കുന്ന അച്ഛനടക്കം മൂന്ന് പേർക്കും കൊവിഡ് ബാധിച്ചിരിക്കുകയാണ്. അതോടെ അമ്മയ്ക്ക് ജോലിക്ക് പോകാനാവാതെയായി, വരുമാനവും നിലച്ചു. 

ക്വാറന്റീനിൽ കഴിയുന്ന വീടുകളിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് സച്ചിന്റെ വീട്ടിലെ നമ്പർ കിട്ടിയത്. വിളിച്ച് അന്വേഷിച്ചപ്പോൾ അവൻ ആദ്യം പറഞ്ഞത് ചിക്കൻ കഴിച്ചിട്ട് കുറേ നാളായി എന്നാണ്. എനിക്കുമുണ്ട് ഇതേ പ്രായത്തിലൊരു മകൻ.. - 
സിപിഒ സജിത്ത് പറഞ്ഞു.

കൂടുതൽ അന്വേഷിച്ചപ്പോൾ ചിക്കൻ കൊണ്ടുകൊടുത്താലും ഉണ്ടാക്കാനുള്ള വീട്ടുസാധനങ്ങൾ ഇല്ലെന്ന് മനസ്സിലായി. ഉടൻ കാവനാട് യുവജന കൂട്ടായ്മയിൽ വിവരമറിയിച്ചു. അത്യാവശ്യം വേണ്ട സാധനങ്ങളും ചിക്കനുമായി ഇവർ വീട്ടിലെത്തി. വീട്ടിലെത്തിയതും കണ്ടത് അതിദയനീയ കാഴ്ചയാണെന്ന് പറയുന്നു സജിത്ത്. 

കിടക്കാൻ കട്ടിലുപോലുമില്ലാതെ പൊളിഞ്ഞുവീഴാറായ വീട്ടിലാണ് തളർന്നുകിടക്കുന്ന അച്ഛൻ മാധവനും അമ്മയും സച്ചിനും കഴിയുന്നത്. ഉടുക്കാൻ നല്ല വസ്ത്രമില്ല. പഠിക്കാൻ പുസ്തകമോ പേനയോ ഇല്ലെന്ന് ഓൺലൈൻ ക്ലാസിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞു. അടുത്ത വീട്ടിലെ അധ്യാപികയുടെ ഫോണിലൂടെയാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നത്. 

പാടത്തിന്റെ കരയിലുള്ള വീട്ടിൽ നല്ലൊരു മഴപെയ്താൽ വെള്ളം കയറും. സംഭവം പുറത്തറിഞ്ഞതോടെ ഇപ്പോൾ നിരവധി പേർ സഹായിക്കുന്നുണ്ടെന്നാണ് പൊലീസുകാർ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona