മൂന്ന് സ്ത്രീകളുടെ തിരോധാന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ, ചേർത്തല സ്വദേശികളായ സ്ത്രീകളുടെ തിരോധാനത്തിൽ ഒരേ പ്രതിയെന്ന് സംശയം. 

കോട്ടയം: മൂന്ന് സ്ത്രീകൾ, രണ്ട് ജില്ലകൾ, ഒരു പ്രതി; ദുരൂഹത നിറഞ്ഞ തിരോധാന കേസുകളുടെ അന്വേഷണം സെബാസ്റ്റ്യനിലേക്ക് നീളുന്നു. ഏറ്റുമാനൂർ സ്വദേശി ജൈനമ്മ, ചേർത്തല വാരനാട് സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനമാണ് പോലീസിനെയും ആക്ഷൻ കൗൺസിലുകളെയും ആശങ്കയിലാഴ്ത്തുന്നത്.

ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യന്, ആലപ്പുഴ ചേർത്തലയിൽ നിന്ന് കാണാതായ ഐഷയുടെ തിരോധാനത്തിലും പങ്കുണ്ടെന്ന് സംശയം ബലപ്പെടുന്നു. ഐഷയും സെബാസ്റ്റ്യനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായി അയൽവാസിയും സുഹൃത്തുമായ റോസമ്മ വെളിപ്പെടുത്തി. 2012 മുതൽ കാണാതായ ഐഷയുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം, പള്ളിപ്പുറത്ത് നിന്ന് ലഭിച്ച അസ്ഥികൾ ജൈനമ്മയുടേതോ ഐഷയുടേതോ ആകുമെന്ന സംശയത്തെ തുടർന്ന് ഇരുവരുടെയും ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ബിന്ദു പത്മനാഭൻ, ഐഷ, ജൈനമ്മ എന്നിവരുടെ കേസുകൾ ഏകീകരിച്ച് അന്വേഷിക്കണമെന്നാണ് ആക്ഷൻ കൗൺസിലുകളുടെ ആവശ്യം.

ജൈനമ്മ തിരോധാനക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. സ്വർണ്ണം വിറ്റ കടകളിലും പണയംവെച്ച ധനകാര്യ സ്ഥാപനങ്ങളിലും തെളിവെടുപ്പ് നടത്തി. കണ്ടെടുത്ത ആഭരണങ്ങൾ ജൈനമ്മയുടേതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അസ്ഥികൂടം കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും ഇയാളുമായി തെളിവെടുപ്പ് നടത്തും. ബിന്ദു പത്മനാഭൻ്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ പോലീസുമായി സഹകരിച്ചിരുന്നില്ല. മൂന്ന് സ്ത്രീകളുടെയും തിരോധാനത്തിൽ വലിയ ദുരൂഹതകളാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.