താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. താമരശ്ശേരി ജോസ്കോ റബ്ബർ ഫാക്ടറിയിലെ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്.

ഡിവൈഎഫ്ഐ പ്രവർത്തകർക്കും താമരശ്ശേരി എസ്ഐ അടക്കം നാല് പൊലീസുകാർക്കും പരിക്കേറ്റു. ജോസ്കോ റബർ ഫാക്ടറിയിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി സിഐടിയു സമരത്തിലാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. ഫാക്ടറിക്ക് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു.

പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. താമരശ്ശേരി എസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. മാർച്ച് കഴിഞ്ഞ് തിരികെ പോയ ഡിവൈഎഫ്ഐ പ്രവർത്തകരെ താമരശ്ശേരി ടൗണിൽ വച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി.

പരിക്കേറ്റ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും നാല് പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തെതുടർന്ന് കസ്റ്റഡിയിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.