ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ് ഹാരിസ് പാർട്ടി വിട്ടു
നേതൃത്വത്തിന്‍റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു എസ് ഹാരിസ്.

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റും ഏരിയാ കമ്മിറ്റി അംഗവുമായ എസ് ഹാരിസ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. നേതൃത്വത്തിന്‍റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു എസ് ഹാരിസ്.
പുന്നപ്ര വയലാര്‍ സമരത്തിന്‍റെ വാര്‍ഷികാചാരണത്തിന്‍റെ ഭാഗമായുള്ള പുഷ്പാര്‍ച്ചനയിൽ പങ്കെടുത്തുകൊണ്ട് സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നായിരുന്നു മാര്‍ച്ചിന്‍റെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ട് എസ് ഹാരിസ് പോസ്റ്റിട്ടത്. 20 വർഷമായി പാർട്ടിയിലെ സജീവ പ്രവർത്തകനായിരുന്നു എസ് ഹാരിസ്. അമ്പലപ്പുഴ സിപിഎമ്മിലെ ജനകീയ മുഖമായിരുന്ന എസ് ഹാരിസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റും ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. എന്നാല്‍ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതിന് എന്താണ് കാരണമെന്ന് പോസ്റ്റില്‍ ഹാരിസ് വ്യക്തമാക്കുന്നില്ല.
ആറ് മാസം പഞ്ചായത്ത് അംഗം ധ്യാനസുധനും ഹാരിസും തമ്മിൽ പാർട്ടി ഓഫീസിൽ വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഹാരിസിനെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ ധ്യാനസുധനെതിരെ ഒരു നടപടിയും ഉണ്ടായില്ല. തന്നെ വ്യക്തിപരമായി അവഹേളിച്ച ധ്യാനസുധനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നാണ് ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏറെ ജന പിന്തുണയുള്ള നേതാവ് പാർട്ടി വിട്ടിട്ടും ഇതിനോട് പ്രതികരിക്കാന്‍ സിപിഎം അമ്പലപ്പുഴ ഏരിയ നേതൃത്വമോ ജില്ലാ സെക്രട്ടറിയോ തയ്യാറായിട്ടില്ല. അടുത്ത കാലത്ത് രണ്ടാമത്തെ പഞ്ചായത്ത് പ്രസിഡന്‍റാണ് സിപിഎം വിടുന്നത്. നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് കൊണ്ട് രാമങ്കരി പഞ്ചായത്ത് പ്രസിന്‍റ് ആര്‍ രാജേന്ദ്രകുമാർ സിപിഎം വിട്ടത് വൻ വിവാദമായിരുന്നു. 150 ഓളം പാർട്ടി അംഗങ്ങളും അന്ന് സിപിഎം വിട്ട് സിപിഐയിൽ ചേർന്നിരുന്നു.