കളമശ്ശേരിയിലെ ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 18കാരൻ പിടിയിലായി.
കൊച്ചി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. ഏലൂർ കുറ്റിക്കാട്ടുകര കരിപ്പായി പറമ്പ് വീട്ടിൽ ജിനു ജോസഫാണ് പിടിയിലായത്. മുതുകിൽ ആഴത്തിൽ കുത്തേറ്റ എറണാകുളം സ്വദേശി കിഷോർ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 12ന് രാത്രി പത്തോടെ കളമശ്ശേരിയിലെ ബാറിൽ മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബാറിന്റെ പാർക്കിങ് ഏരിയയിൽവെച്ച് കിഷോറിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കളമശ്ശേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ എൽ അഭിലാഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സിആർ ബിജു, രാംലാൽ, സിപിഒ കെ പി വിനു എന്നിവരടങ്ങിയ സംഘമാണ് കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ച് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ബിനാനിപുരം പൊ ലീസ് സ്റ്റേഷനിൽ പോക്സോ കേസുണ്ടെന്നും പൊലീസ് അറിയിച്ചു.
