ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊച്ചി: വൈറ്റിലയിലെ ബാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘം പിടിയിൽ. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരുവനന്തപുരം സ്വദേശി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. ഞായറാഴ്‌ച രാത്രി വൈറ്റില കണ്ണാടിക്കാടുള്ള ബാറിൽ മദ്യപിക്കുന്നതിനിടെ അലീനയും അടുത്ത സീറ്റിലിരുന്ന മധ്യവയസ്കനും തമ്മിൽ തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇടപെട്ടു. തർക്കവും കയ്യാങ്കളിയും ബാറിന് പുറത്തേക്കും നീണ്ടു. കാറിനടുത്തേക്ക് പോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്.

ബാർ ജീവനക്കാർ നൽകിയ പരാതിയിൽ 4 പേർക്ക് എതിരെ കേസ് എടുത്തു. സംഘം ബാർ ജീവനക്കാരനെ മർദിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ് മരട് പൊലീസ്.

YouTube video player