Asianet News MalayalamAsianet News Malayalam

വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്

ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്നായിരുന്നു വിശദീകരണം.

disrespect to dead body of adivasi in wayanad
Author
Wayanad, First Published Dec 1, 2020, 7:52 AM IST

യനാട്: വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്. ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. തേനീച്ച കുത്തേറ്റതിനെ തുടർന്ന് പാൽനട കോളനിയിലെ ഗോപാലനെ ശനിയാഴ്ച വൈകുന്നേരമാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായാറാഴ്ച രാവില 9 മണിക്ക് ഗോപാലൻ മരിച്ചു. 

പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചെങ്കിലും ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ നടന്നില്ല. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതശരീരം കൊണ്ട് പോയി. അവിടെയും സർജൻ ഇല്ലെന്നായിരുന്നു പ്രതികരണം. ഫ്രീസറിൽ സൂക്ഷിക്കാത്തതിനാൽ ഇതിനകം മൃതശരീരം അഴുകിയെന്ന് ബന്ധുക്കൾ പറഞ്ഞു.

അവഗണന ഉണ്ടായില്ലെന്നും ഇത്തരം കേസുകളിൽ ഫോറൻസിക് സർജൻ വേണമെന്നതുകൊണ്ടാണ് വൈകിയതെന്നായിരുന്നു വയനാട് ഡിഎംഒ ആർ രേണുകയുടെ പ്രതികരണം. അവഗണനയിൽ പ്രതിഷേധിച്ച്  മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ പോയില്ല. കേണിച്ചിറ പൊലീസ് സ്റ്റേഷനിലെ ഒരു സിപിഒ മാത്രമാണ് കോഴിക്കോട്ടേക്ക് പോയത്. സർക്കാർ അനാസ്ഥയാണ് പോസ്റ്റ്മോർട്ടം വൈകാൻ കാരണമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. നിലവിൽ ഫോറൻസിക് സർജൻന്‍റെ തസ്തിക ബത്തേരിയിൽ ഇല്ല. താത്കാലികമായി നിയമിച്ച അസിസ്റ്റന്‍റ് സർജനാണ് ചുമതല. പോസ്റ്റ് മോർട്ടം വൈകിയതിൽ പ്രതിഷേധവുമായി വിവിധ ആദിവാസി സംഘടനകൾ രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios