കണ്ണൂർ: പ്രാണികളുടെ ശല്യം കാരണം ദുരിതത്തിലായിരിക്കുകയാണ് കണ്ണൂർ ധര്‍മ്മശാലയിലെ നിരവധി കുടുംബങ്ങള്‍. സമീപത്തെ സപ്ലൈകോ ഗോഡൗണിൽ നിന്നെത്തുന്ന പ്രാണികളുടെ ശല്യം മൂലം പതിനഞ്ചോളം കുടുംബങ്ങളാണ് പൊറുതിമുട്ടിയിരിക്കുന്നത്. പ്രാണികളെ തുരത്താൻ ഫലപ്രദമായ സംവിധാനങ്ങളൊരുക്കുന്നതിന് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥർക്ക് കത്തയച്ചിട്ടുണ്ടെന്നാണ് ഗോഡൗൺ അധികൃതരുടെ പ്രതികരണം.

നാല് മാസമായി പ്രാണികളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികൾ. കമ്പിവലകൾ കെട്ടിയും ഇടയ്ക്കിടെ അടിച്ചുവാരിക്കൂട്ടി തീയിട്ടും മണ്ണെണ്ണയടക്കം പല കീടനാശിനികള്‍ പ്രയോഗിച്ചിട്ടും പ്രാണിശല്യത്തിന് പരിഹാരമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പരാതി വ്യാപകമായപ്പോൾ സപ്ലൈകോ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉടൻ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു.