Asianet News MalayalamAsianet News Malayalam

ഒന്ന് പനി വന്നാൽ നഗരങ്ങളിലും ഇനി വലിയ ആശുപത്രികൾ തേടി പോകേണ്ട; സംസ്ഥാനത്ത് ഇന്ന് തുറക്കുന്നത് 194 കേന്ദ്രങ്ങൾ

സംസ്ഥാനത്തെ  നഗരസഭകളിൽ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലാണ് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നത്.

do not run to a big hospital when you are sick kerala to open 194 health centres in its cities today afe
Author
First Published Feb 6, 2024, 9:03 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് പുതുഅധ്യായം കുറിച്ചുക്കൊണ്ട് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നു. ഗ്രാമീണ ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിൽ, നഗരസഭകളിൽ 380 കേന്ദ്രങ്ങളാണ് തുറക്കുന്നത്. ആദ്യ ഘട്ടമായി 194 കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇന്നാണ്.

പെട്ടെന്ന് ഒന്ന് പനി വന്നാൽ, കുട്ടിക്ക് ഒന്ന് വയ്യാതായാൽ, ഒരു മുറിവ് കെട്ടാൻ, നഗരങ്ങളിലുള്ളവർ, ഇനി വലിയ ആശുപത്രികൾ തേടിപോകേണ്ട. ക്ലിനിക്കുകളും അന്വേഷിക്കേണ്ട. ഗ്രാമങ്ങളിൽ മാത്രമല്ല, നഗരങ്ങളിലും ഇനി തൊട്ടടുത്ത് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുണ്ടാകും. നഗരസഭകളിൽ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലാണ് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങില്ലാത്ത നഗരസഭകളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ മുട്ടത്തറയിലടക്കം, 44 നഗരജനകീയാരോഗ്യ കേന്ദ്രങ്ങളാണ് തുറക്കുന്നത്. ഒരു മെഡിക്കൽ ഓഫീസറും രണ്ട് സ്റ്റാഫ് നഴ്സും, ഒരു ശുചീകരണ തൊഴിലാളിയുമുള്ള ആരോഗ്യ കേന്ദ്രളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് മണി വരെയാണ്. ഒരു ഫാർമിസ്റ്റുമുണ്ടാകും. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ നഗരസഭകൾകളാണ് പദ്ധതി നടപ്പിലാക്കുന്നത്.

അപൂർവ രോഗങ്ങളെ പ്രതിരോധിക്കുന്നതും, തിരിച്ചറിയുന്നതും ചികിത്സ ഉറപ്പാക്കുന്നതും അടക്കം ലക്ഷ്യമിട്ടാണ് കേരള എഗെയ്ൻസ്റ്റ് റെയർ ഡിസീസ് എന്ന പേരിൽ, സമഗ്ര പദ്ധതി നടപ്പാക്കുന്നത്. എസ്എംഎ ക്ലിനിക്കുകൾ, വിലകൂടിയ മരുന്നുകൾ ലഭ്യമാക്കൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. അപൂർവ രോഗം ബാധിച്ച ഒരാൾക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സ സഹായം കെയറിലുടെ ലഭിക്കും.

മഹാമാരികളെ നേരിടാൻ സജ്ജമാകുന്നതിന്റെ ഭാഗമായി നിർമിച്ച 39 ഐസോലേഷൻ വാർഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. ഇതോടെ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥിരം ഐസലോഷൻ വാർഡ് കെട്ടിടങ്ങളുടെ എണ്ണം 49 ആകും. ഉച്ച തിരിഞ്ഞ് 3.30ന് തിരുവനന്തപുരം ടാഗോൾ തീയറ്ററിലാണ് ഉദ്ഘാടന ചടങ്ങ്.

Latest Videos
Follow Us:
Download App:
  • android
  • ios