Asianet News MalayalamAsianet News Malayalam

ഇനി ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിയണ്ട, സൗജന്യമായി സംസ്കരിക്കാം, മാതൃകാ പദ്ധതിയുമായി ടീം പറയന്‍ചാല്‍

തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലെ വിവാഹസൽക്കാരങ്ങളിലേയും മറ്റും ഭക്ഷണ മാലിന്യങ്ങൾ സംസ്ക്കരണ കേന്ദ്രത്തിലെത്തിച്ച് നൽകിയാൽ സൗജന്യമായിട്ടാണ് സംസ്കരിക്കുന്നതെന്ന് കോർഡിനേറ്റർ ആർ സബീഷ് മണവേലി പറഞ്ഞു

Do not throw away food waste, can dispose freely, know about the novel project initiated by team parayanchal
Author
First Published Sep 22, 2023, 4:39 PM IST

ചേർത്തല: ഭക്ഷണ മാലിന്യങ്ങൾ അനുദിനം വലിച്ചെറിയപ്പെടുന്നതിലൂടെ മലിനമാക്കപ്പെടുന്ന ജലാശയങ്ങൾക്ക് കരുതലും പരിഹാരവുമാകുകയാണ് ടീം പറയൻചാൽ പ്രവർത്തകർ. വിവാഹസൽക്കാരങ്ങളിലും ആഘോഷവേളകളിലും അധികമാവുന്ന ഭക്ഷണവും പാചകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങളുമെല്ലാം തോടുകളിലും മറ്റ് ജലാശയങ്ങളിലും നിക്ഷേപിക്കപ്പെടുന്നതൊഴിവാക്കുവാനുളള പദ്ധതിക്കാണ് തണ്ണീർമുക്കത്ത് അഞ്ചാം വാർഡിൽ തുടക്കമായത്.

ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങളുടെ മാലിന്യങ്ങൾ സംസ്ക്കരിക്കുന്ന രീതിയും കുന്നംകുളം നഗരസഭ ജൈവമാലിന്യ സംസ്ക്കരണത്തിൽ വിജയകരമായി പിൻതുടരുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിട്ടുളളത്. ജൈവമാലിന്യത്തെ ഇനോക്കുലം ബാക്ടീരിയകളെ ഉപയോഗിച്ച് വിഘടിപ്പിച്ച് വളമാക്കുന്നതാണ് രീതി.മഴയും വെയിലും കൊളളാത്ത അടച്ചുറപ്പുളള വലിയ കെട്ടിടത്തിലാണ് മാലിന്യസംസ്കരണം നടക്കുന്നത്. 

ഓരോ ദിവസവും എത്തിച്ചേരുന്ന മാലിന്യത്തിൽ ബാക്ടീരിയകളെ കലർത്തി വിവിധ ബെഡുകളാക്കുന്നതാണ് ആദ്യ നടപടി. തുടർന്ന് മുപ്പതു മുതൽ നാൽപ്പത് ദിവസങ്ങൾക്കിടയിൽ സംസ്ക്കരണത്തിന്റെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അസംസ്കൃത വസ്തുവായി ഉപയോഗിച്ച് മാലിന്യത്തിന്‍റെ ഇരുപതു മുതൽ ഇരുപത്തഞ്ച് ശതമാനം വരെ വളമാക്കി മാറ്റുന്നതാണ് രീതി. തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലെ വിവാഹസൽക്കാരങ്ങളിലേയും മറ്റും ഭക്ഷണ മാലിന്യങ്ങൾ സംസ്ക്കരണ കേന്ദ്രത്തിലെത്തിച്ച് നൽകിയാൽ സൗജന്യമായിട്ടാണ് സംസ്കരിക്കുന്നതെന്ന് കോർഡിനേറ്റർ ആർ സബീഷ് മണവേലി പറഞ്ഞു. പലപ്പോഴും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ക്കുശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. സ്ഥലപരിധിയുള്ള സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഇവ മറ്റിടങ്ങളില്‍ കൊണ്ടുപോയി തള്ളുന്നതും പിന്നീട് മറ്റു പല പ്രശ്നങ്ങളുണ്ടാകുന്നതും പതിവാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി പദ്ധതിയിലൂടെ ഉറപ്പാക്കിുകയാണ് ടീം പറയന്‍ചാല്‍ പ്രവര്‍ത്തകര്‍. സൗജന്യമായതിനാല്‍ തന്നെ ഭക്ഷണ മാലിന്യം എത്തിച്ചുനല്‍കുന്നവര്‍ക്ക് മറ്റു ചിലവുകളൊന്നും വഹിക്കേണ്ടതുമില്ല.

Follow Us:
Download App:
  • android
  • ios