പ്രതിക്കെതിരെ മുംബൈയിൽ കേസും രജിസ്റ്റർ ചെയ്ത അറസ്റ്റ് വാറന്റും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ജാമ്യത്തിനായി വ്യാജ രേഖ തയ്യാറാക്കിയതിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്നാണ് വിവരം
കൊച്ചി: ലോജിസ്റ്റിക് കമ്പനിയിലെ ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ ദമ്പതികളിൽ നിന്ന് 2.29 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി പിടിയിലായി. കായംകുളം പുതുപ്പള്ളി സ്വദേശി സോനു ജയചന്ദ്രൻ (32) ആണ് പിടിയിലായത്. പണം വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ എറണാകുളം സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തട്ടിപ്പ് നടത്തിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് ഇക്കഴിഞ്ഞ 26ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ സോനുവിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ച് ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതിക്കെതിരെ മുംബൈയിൽ കേസും രജിസ്റ്റർ ചെയ്ത അറസ്റ്റ് വാറന്റും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ജാമ്യത്തിനായി വ്യാജ രേഖ തയ്യാറാക്കിയതിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്നാണ് വിവരം. നിലവിൽ കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി. ഇതേ ആശുപത്രിയിൽ മുൻപ് ജോലി ചെയ്തിരുന്ന ഡോക്ടർ ദമ്പതികളെയാണ് ഇയാൾ കബളിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികൾ നൽകിയ പരാതിയിൽ സോനുവുൾപ്പെടെ 12 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


