വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്
കോഴിക്കോട്: കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പിൽ ഡോക്ടർക്ക് 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനിടെ ആലപ്പുഴ നിന്നും പുറത്തുവന്ന വാർത്ത എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തുരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കിരീടം ഉൾപ്പടെ 20 പവൻ സ്വർണ ഭരണങ്ങളാണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ബാങ്കിൽ പണയം വച്ചതായും കണ്ടെത്തി. ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ദിവസം വിഗ്രഹത്തിൽ ചാർത്തിയ കിരീടം ഉൾപ്പടെ 20 പവൻ വരുന്ന തിരുവാഭരണങ്ങളാണ് മോഷണം പോയത്. വിശേഷ ദിവസം മേൽശാന്തി അവധിയായതിനാലായിരുന്നു കീഴ്ശാന്തി രാമചന്ദ്രന് ക്ഷേത്ര ഭാരവാഹികൾ ആഭരണങ്ങൾ കൈമാറിയത്. 14 ന് രാവിലെ വിഗ്രഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വൈകീട്ട് ദീപാരാധനയ്ക്ക് വിഗ്രഹത്തിൽ ചാർത്താൻ ആഭരണങ്ങൾ കാണുന്നില്ല. കീഴ്ശാന്തി യെയും കാണാനില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് ക്ഷേത്രം ഭാരവാഹികൾ അരൂർ പൊലിസിൽ പരാതി നൽകിയത്. രാമചന്ദ്രനെ കുറിച്ചുള്ള രേഖകൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മേൽ ശാന്തിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇതിനിടെയാണ് തേവരയിലെ ഫെഡറൽ ബാങ്കിൽ സ്വർണം പണയം വച്ചതായി വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന രാമചന്ദ്രനെ പൊലിസ് പിടികൂടുന്നത്. ഇതിനിടെ ക്ഷേത്രത്തിൽ ബാക്കി ഉണ്ടായിരുന്ന മൂന്നര പവൻ സ്വർണം മുക്കു പണ്ടമാണെന്നും പൊലീസ് കണ്ടെത്തി. തിരുവാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കു പണ്ടം വച്ചത് ആണോ എന്നാണ് സംശയം. ഇയാൾ തന്നെയാണോ സ്വർണം മാറ്റി മുക്കുപണ്ടം വച്ചത് അതോ മറ്റാരെങ്കിലും ആണോ എന്നതുൾപ്പടെ യുള്ള കാര്യങ്ങൾ പൊലിസ് പരിശോധിക്കുകയാണ്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലിസ് സംശയിക്കുന്നു. രാമചന്ദ്രനെ ചോദ്യം ചെയ്യുന്നതിലൂടെ തിരുവഭരണകവർച്ചയിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലിസ് കരുതുന്നത്.
